ശാരീരിക വൈകല്യമുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക സൗകര്യം

 

അന്ധതയോ മറ്റ് ശാരീരികാവശതകളോ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ പരസഹായം കൂടാതെ വോട്ട് രേഖപ്പെടുത്തുന്നതിനോ സാധിക്കാത്തവര്‍ക്ക് 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള ഒരു വ്യക്തിയെ വോട്ട് രേഖപ്പെടുത്താന്‍ കൂടെ കൊണ്ടു പോകാം. സഹായിയായി പോകുന്നയാള്‍ മറ്റൊരു സമ്മതിദായകന്റെ സഹായിയായി ഒരു പോളിംഗ് സ്റ്റേഷനിലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും സമ്മതിദായകനുവേണ്ടി താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം കാത്ത് സൂക്ഷിച്ചുകൊള്ളാമെന്നും രേഖാമൂലം ഉറപ്പ് നല്‍കണം.

സ്ഥാനാര്‍ത്ഥികള്‍ക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ ഏതെങ്കിലും ഒരു സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിക്കാം. എന്നാല്‍ പ്രസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ സമ്മതിദായകരുടെ സഹായിയാകാന്‍ പാടില്ല. ശാരീരികാവശതയുള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പ്രത്യേകമായി പോളിംഗ് സ്റ്റേഷനിലേയ്ക്ക് പ്രവേശിപ്പിക്കേണ്ടതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.