കേരള ഹൗസിലെ ബീഫ് വിവാദം: വിഷ്ണു ഗുപ്തയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ന്യൂഡല്‍ഹി: കേരള ഹൗസില്‍ ഗോ മാംസം വില്‍ക്കുന്നു എന്നു വ്യാജ പരാതി നല്‍കിയ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയെ ഇന്നു ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ശരിയല്ലാത്ത വിവരങ്ങള്‍ നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇയാള്‍ സ്ഥിരം കുഴപ്പക്കാരനാണെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.

കേരള ഹൗസ് സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനു പിന്നാലെ ഇയാളെ ചൊവ്വാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു എന്ന് സൂചനയുണ്ടായിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തതു കഴിഞ്ഞ് വൈദ്യപരിശോധനയക്കും ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വിഷ്ണു ഗുപ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗുപ്ത തങ്ങളുടെ നിരീക്ഷണത്തില്‍ ഉള്ള ആളാണെന്നാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കിയത്. കാശ്മീരില്‍ ഹിതപരിശോധന വേണമെന്ന് പ്രസ്താവന നടത്തിയതിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനെ ഇയാള്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് ചെറിയ വിഷയങ്ങളില്‍ പോലും സാമുദായി വേര്‍തിരിവ് ചൂണ്ടിക്കാട്ടി പല പ്രതിഷേധങ്ങളും ഇയാള്‍ ഒറ്റയ്ക്കും സംഘടിപ്പിച്ചിട്ടുണ്ട്.
courtesy – deepika.com

© 2024 Live Kerala News. All Rights Reserved.