മോഡിയെ വിമര്‍ശിച്ച് അരുണ്‍ ശൂറി; ‘മന്‍മോഹന്‍ സിങായിരുന്നു നല്ലതെന്ന് ജനങ്ങള്‍ പറഞ്ഞുതുടങ്ങി; മോഡിയുടേത് യുപിഎ സര്‍ക്കാരിന്റെ അതേ ഭരണം; ഒരു പശു കൂടുതലുണ്ടെന്ന് മാത്രം’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ശൂറി. മോഡിയുടെ ദിശാബോധമില്ലാത്ത ഭരണം കാരണം ജനങ്ങള്‍ മന്‍മോഹന്‍ സിങിന്റെ അഭാവം തിരിച്ചറിയുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ശൂറി മോഡിയെ വിമര്‍ശിച്ചത്.

മന്‍മോഹന്‍ സിങായിരുന്നു നല്ലതെന്ന് ജനങ്ങള്‍ പറയുന്നു. യുപിഎ സര്‍ക്കാരിന്റെ അതേ ഭരണമാണ് മോഡി സര്‍ക്കാരും നടത്തുന്നത്. ഒരു പശു കൂടുതലുണ്ടെന്ന് മാത്രം. ബീഫ് വിവാദത്തെയും ദാദ്രി സംഭവത്തെയും സൂചിപ്പിച്ച് അരുണ്‍ ശൂറി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

യുപിഎയുടെയും എന്‍ഡിഎയുടെയും നയങ്ങള്‍ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ഏറ്റവും ദുര്‍ബലമായ പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ മോഡിയുടെ ഓഫീസാണ്. സര്‍ക്കാരിനെതിരെ വാ തുറക്കാന്‍ വ്യവസായികള്‍ ഭയക്കുകയാണ്. പ്രധാനമന്ത്രിയെ കാണുമ്പോള്‍ എല്ലാ സത്യവും അവര്‍ പറയില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ പ്രധാനമന്ത്രിക്ക് പത്തില്‍ ഒമ്പത് മാര്‍ക്കും നല്‍കുന്നു. എന്നാല്‍ അതിന് ശേഷം സാമ്പത്തിക രംഗത്തിന്റെ അവസ്ഥ കണ്ട് ഇതേ വ്യവസായികള്‍ അമ്പരപ്പ് പ്രകടിപ്പിക്കുകയും എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയും ചെയ്യുന്നു. ശൂറി കുറ്റപ്പെടുത്തി.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എഡിറ്റര്‍ ടിഎന്‍ നൈനാന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന അരുണ്‍ ശൂറിയുടെ മോഡി വിമര്‍ശനം.

courtesy ; southlive.in

© 2024 Live Kerala News. All Rights Reserved.