കുവൈത്ത് നേഴ്‌സിംഗ് നിയമനം; സ്വകാര്യ ഏജന്‍സികള്‍ ഔട്ട്, സര്‍ക്കാര്‍ ഏജന്‍സികള്‍ ഇന്‍

ഇന്ത്യയില്‍നിന്നുള്ള നേഴ്‌സുമാരുടെ നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കുവൈത്ത് അംഗീകരിച്ചതോടെ സ്വകാര്യ ഏജന്‍സികള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരം ഇല്ലാതായി. നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് നയപരമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല എന്നതിനാല്‍ കുവൈത്തിലേക്കുള്ള നേഴ്‌സിംഗ് നിയമനങ്ങള്‍ ഏറെനാളായി മുടങ്ങി കിടക്കുകയായിരുന്നു. നേഴ്‌സിംഗ് നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് പണം ഈടാക്കാന്‍ പാടില്ലെന്നുള്ള വ്യവസ്ഥയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിസ, വൈദ്യപരിശോധന ഉള്‍പ്പെടെയുള്ളവയ്ക്കുള്ള ചെലവ് തൊഴില്‍ ഉടമ വഹിക്കുമെങ്കിലും ഇതര ആവശ്യങ്ങള്‍ക്കുള്ള പണം ഉദ്യോഗാര്‍ത്ഥികള്‍ തന്നെ കണ്ടെത്തണം. ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് 20,000 രൂപയില്‍ കൂടുതല്‍ വാങ്ങരുതെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം.

കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ കോടികളുടെ തട്ടിപ്പുകള്‍ നടന്ന സാഹചര്യത്തിലാണ് നിയമനകാര്യങ്ങളില്‍നിന്ന് സ്വകാര്യ ഏജന്‍സികളെ അകറ്റിനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ തീരുമാനം കുവൈത്ത് അധികൃതരെ അറിയിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ അവര്‍ ഇതിനെ കാര്യമായി എടുത്തിരുന്നില്ല. പിന്നീട് എംബസിയുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്കുള്ള വഴി തുറന്നത്.

സ്വകാര്യ ഏജന്‍സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയശേഷം ദുബായ് വഴി നടത്തപ്പെട്ട നിയമനങ്ങളില്‍ ചിലത് വ്യാജരേഖകള്‍ സൃഷ്ടിച്ചാണെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് അടുത്തിടെ നിയമിതരായ നേഴ്‌സുമാര്‍ക്ക് യോഗ്യതയില്ലെന്ന സംശയം ഡോക്ടര്‍മാരില്‍ ചിലര്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് അന്വേഷണം.

17 രാജ്യങ്ങളിലേക്കുള്ള നിയമനങ്ങളാണ് സര്‍ക്കാര്‍ ഏജന്‍സികള്‍വഴി മാത്രമാക്കി കേന്ദ്രം ഉത്തരവിറക്കിയത്. യുഎഇ, സൗദിഅറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, മലേഷ്യ, ലിബിയ, ജോര്‍ദാന്‍, യെമന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്‍ഡോനേഷ്യ, സിറിയ, ലബനന്‍, തായ്‌ലന്‍ഡ്, ഇറാഖ് എന്നിവയാണ് ഈ രാജ്യങ്ങള്‍. ഇവിടങ്ങളിലേക്കുളള നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണമെന്നും (ഇസിആര്‍) വ്യവസ്ഥ വച്ചു. ഈ രാജ്യങ്ങളില്‍ പുതിയ വ്യവസ്ഥകളോട് ആദ്യമായി അനുകൂല നിലപാടു സ്വീകരിച്ചിരിക്കുന്നതു കുവൈത്ത് ആണ്.

നിയമന അഴിമതി ഇല്ലാതാകുന്നത് പ്രതിവര്‍ഷം ശരാശരി 25,000 നഴ്‌സുമാര്‍ വിദേശത്തേക്കു പോകുന്ന കേരളത്തിനും ഗുണകരമാകുമെന്നാണ് കരുതുന്നത്. മറ്റു രാജ്യങ്ങളുമായി ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും നോര്‍ക്ക വഴി റിക്രൂട്‌മെന്റ് നടക്കുന്നുണ്ട്. ദുബായ് ആരോഗ്യ മന്ത്രാലയത്തിലേക്കു കഴിഞ്ഞ മാസം നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്നു. സൗദിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് 50 നഴ്‌സുമാരെ അയയ്ക്കുന്നതിനുള്ള നടപടിക്രമങ്ങളും നോര്‍ക്ക ആരംഭിച്ചുകഴിഞ്ഞു.

News Source – Malayala Manorama News Paper 

© 2024 Live Kerala News. All Rights Reserved.