ആട്‌ ആന്റണി അറസ്‌റ്റില്‍ : പോലീസുകാരനെ കുത്തിക്കൊന്ന കേസിലും പ്രതി

പാലക്കാട്‌ : കുപ്രസിദ്ധ കുറ്റവാളി ആട്‌ ആന്റണി എന്ന ആന്റണി വര്‍ഗീസ്‌ അറസ്‌റ്റില്‍. കേരള-തമിഴ്‌നാട്‌ അതിര്‍ത്തി മേഖലയായ ചിറ്റൂര്‍ ഗോപാലപുരത്തായിരുന്നു അറസ്‌റ്റ്‌. 2012 ജൂണ്‍ 25ന്‌ കൊല്ലം പാരിപ്പള്ളിക്കു സമീപം കുളമട ജവഹര്‍ ജങ്‌ഷനില്‍ രാത്രി പട്രോളിങ്ങിനിടെ മണിയന്‍ പിള്ള എന്ന പോലീസുകാരനെ കുത്തിക്കൊന്ന ശേഷം ഒളിവിലായിരുന്നു. പാലക്കാട്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: എം.എല്‍. സുനിലിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്‌ക്വാഡാണ്‌ ആന്റണിയെ പിടികൂടിയത്‌.
ആന്റണി ഗോപാലപുരം കരുമാണ്ട കൗണ്ടന്നൂരില്‍ ഒരു സ്‌ത്രീക്കൊപ്പം കഴിയുന്നതായി ലഭിച്ച വിവരമാണ്‌ അറസ്‌റ്റിനു വഴിയൊരുക്കിയത്‌. ഇന്നലെ രാവിലെ പിടിയിലായ ഇയാളെ ആദ്യം ചിറ്റൂര്‍ പോലീസ്‌ സ്‌റ്റേഷനിലും തുടര്‍ന്ന്‌ പാലക്കാട്‌ ജില്ലാ പോലീസ്‌ ആസ്‌ഥാനത്തെ അനക്‌സിലും എത്തിച്ചു.
വൈകിട്ട്‌ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം പരവൂര്‍ സി.ഐ: വി.എസ്‌. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തേക്കു കൊണ്ടുപോയി. കൊലപാതകം നടക്കുമ്പോള്‍ കൊല്ലം ജില്ലാ പോലീസ്‌ മേധാവിയും ഇപ്പോള്‍ മലപ്പുറം എസ്‌.പിയുമായ ദേബേഷ്‌കുമാര്‍ ബെഹ്‌റ പാലക്കാട്ടെത്തി പ്രതിയെ ചോദ്യം ചെയ്‌തു.
ഇരുനൂറോളം മോഷണക്കേസുകളില്‍ പ്രതിയാണ്‌ ആട്‌ ആന്റണിയെന്ന്‌ പോലീസ്‌ പറഞ്ഞു. ഷൊര്‍ണൂരിലും ഇയാള്‍ക്കെതിരെ ഒരു മോഷണക്കേസുണ്ടെന്ന്‌ ജില്ലാ പോലീസ്‌ മേധാവി എന്‍. വിജയകുമാര്‍ പറഞ്ഞു.
കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇരുപതോളം വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്‌. മലമ്പുഴയില്‍ ഒരു സ്‌ത്രീയെ വിവാഹം കഴിച്ച്‌ ഉപേക്ഷിച്ചിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്‌. പലയിടത്തും പല പേരുകളാണ്‌ ഉപയോഗിച്ചിരുന്നത്‌. കണ്ണൂര്‍ സ്വദേശി ശെല്‍വരാജ്‌ എന്ന പേരിലാണ്‌ ഗോപാലപുരത്തെ ബിന്ദു എന്ന സ്‌ത്രീയെ വിവാഹം കഴിച്ചത്‌. വിവാഹശേഷം തിരുപ്പൂരിനടുത്ത്‌ ധാരാപുരത്തും ഗോപാലപുരത്തുമായി താമസിക്കുകയായിരുന്നു.
ഫോട്ടോ പതിച്ച ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ മീശയും താടിയും വടിച്ച്‌ മുടി പറ്റെ വെട്ടി രൂപമാറ്റംവരുത്തിയിരുന്നു. അതിനാല്‍ തിരിച്ചറിയല്‍ എളുപ്പമായിരുന്നില്ല. ഒരു പോലീസ്‌ ഉദ്യോഗസ്‌ഥയാണ്‌ ഗോപാലപുരത്ത്‌ വന്നുപോകുന്നത്‌ ആട്‌ ആന്റണിയാണെന്നു സ്‌ഥിരീകരിച്ചത്‌.
മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയതിനു ശേഷം നേപ്പാളിലും മഹാരാഷ്‌ട്രയിലും ഒളിവില്‍ താമസിച്ചതായും പിന്നീട്‌ കോയമ്പത്തൂരില്‍ എത്തി ധാരാപുരത്ത്‌ താമസമാക്കിയതായും ചോദ്യംചെയ്യലില്‍ ആട്‌ ആന്റണി പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന്‌ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളടക്കം നിരവധി മോഷണമുതലുകള്‍ കണ്ടെത്തി.
പാലക്കാട്‌ ക്രൈം സ്‌ക്വാഡിലെ എ.എസ്‌.ഐ. ജലീല്‍, എസ്‌.സി.പി.ഒമാരായ കെ.എ. അശോക്‌ കുമാര്‍, ജേക്കബ്‌, ജയകുമാര്‍, സുനില്‍കുമാര്‍, നസീറലി, സി.പി.ഒമാരായ സജി, മണ്‍സൂര്‍, വനിതാ സി.പി.ഒ. പ്രമീള, സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥന്‍ വിനീത്‌, എ.ആര്‍. ക്യാമ്പിലെ പോലീസ്‌ ഉദ്യോഗസ്‌ഥരായ സുബൈര്‍, രതീഷ്‌, ഹരിദാസ്‌, ഉണ്ണിക്കണ്ണന്‍, രജീഷ്‌, കൃഷ്‌ണപ്രസാദ്‌ എന്നിവരടങ്ങിയ രണ്ടു സംഘങ്ങളാണ്‌ പ്രതിയെ പിടികൂടാന്‍ ഉണ്ടായിരുന്നത്‌.

courtesy mangala.com

© 2024 Live Kerala News. All Rights Reserved.