തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കട്ടെയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വെല്ലുവിളിച്ചു. സ്വാമിയുടെ മരണം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു. എന്നാല്‍ മരണം സ്വാഭാവികമാണെന്ന് പോലീസ് കണ്ടെത്തിയതാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പീപ്പിള്‍ ടിവിയുടെ ന്യൂസ് ന്‍ വ്യൂസിലാണ് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും സ്വാമി ശാശ്വതികാനന്ദയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇതിന് മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി. ബിജു രമേശ് നിരന്തരം പ്രമുഖ വ്യക്തികളെ അപമാനിക്കുന്നയാളാണ്. ഇപ്പോഴത്തെ ആരോപണം എസ്എന്‍ഡിപിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടിട്ടുള്ളതാണ്. ആരോപണത്തെക്കുറിച്ചുള്ള ഏതന്വേഷണത്തെയും നേരിടാന്‍ താന്‍ തയാറാണെന്നു പറഞ്ഞ വെള്ളാപ്പള്ളി, ബിജു രമേശ് പറയുന്ന പ്രിയനെ തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപിയുടെ കൗണ്‍സില്‍ തീരുമാനിച്ചാല്‍ ബിജു രമേശിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.