ആഗോളമാന്ദ്യകാലത്ത് നിക്ഷേപകര്‍ക്ക് ഇന്ത്യ ഒരു പ്രകാശബിന്ദു- മോദി

ബംഗളൂരു: ആഗോളമാന്ദ്യ കാലത്ത് ഇന്ത്യ നിക്ഷേപകര്‍ക്കുമുമ്പിന്‍ ഒരു പ്രകാശബിന്ദുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജര്‍മ്മനിയുമായി മികച്ച സഹകരണത്തിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സന്ദര്‍ശിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി ബാംഗളുരുവില്‍ വേദി പങ്കിടുകയായിരുന്നു മോദി.

കഴിഞ്ഞ 15 മാസമായി ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിക്ഷേപകര്‍ക്ക് വിനയായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും മോദി പറഞ്ഞു. ഐ.ടി രംഗത്തെ കൂട്ടായ്മയായ നാസ്‌കോം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. ലോകത്തെ ‘ഹാര്‍ഡ് വെയറിനെ’ ചലിപ്പിക്കുന്ന ഇന്ത്യന്‍ സോഫ്റ്റ്‌വേറാണ് ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മ്മനിയുടെ എന്‍ജിനീയറിങ് വൈദഗ്ധ്യവും ഇന്ത്യയുടെ ഐ.ടി പരിജ്ഞാനവും ഇവിടെ ബംഗലുരുവില്‍ ഒന്നിക്കുന്നുവെന്ന് ആഞ്ജല മെര്‍ക്കല്‍ പറഞ്ഞു. ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ ബോഷിന്റെ ബംഗലുരുവിലെ പ്ലാന്റ് മോദിയും ആഞ്ജല മെര്‍ക്കലും സന്ദര്‍ശിച്ചു.

ന്യൂഡല്‍ഹിയില്‍ നിന്നും ആഞ്ജല മെര്‍ക്കല്‍ തിങ്കളാഴ്ച രാത്രിയാണ് ബംഗളുരുവിലെത്തിയത്. മോദി ചൊവ്വാഴ്ച രാവിലെയാണ് എത്തിയത്. രണ്ട് രാഷ്ട്ര നേതാക്കള്‍ എത്തിച്ചേരുന്നത് പ്രമാണിച്ച് ബംഗളുരുവില്‍ വന്‍ ഗതാഗത നിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.