ജ്യേഷ്ഠന് വയസ്സ് 25, അനിയന് 26; മക്കളുടെ പ്രായത്തിൽ പുലിവാല് പിടിച്ച് ലാലു

പട്ന : ജ്യേഷ്ഠന് വയസ്സ് 25, അനിയന്റെ വയസ്സ് 26. അപ്പോൾ ഇതിലാരാണ് ജ്യേഷ്ഠൻ? ബിഹാറിലെ ജനങ്ങളുടെ മുന്നിലെ ഇപ്പോഴത്തെ ഉത്തരം കിട്ടാത്ത ചോദ്യമാണിത്. ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവും ഇളയ മകനായ തേജസ്വി യാദവും സമർപ്പിച്ച നാമനിർദേശ പത്രികയിലാണ് ഇരുവരുടെയും വയസ്സ് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായത്.

ഇന്നലെ പിതാവ് ലാലു പ്രസാദ് യാദവിന്റെ സാന്നിധ്യത്തിലാണ് തേജ് പ്രതാപ് നാമനിർദേശ പത്രിക സമർപ്പിച്ചത്. തേജസ്വി കഴിഞ്ഞ ശനിയാഴ്ചയാണ് പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രികയിൽ തേജ് പ്രതാപിന് 25 വയസ്സും തേജസ്വിക്ക് 26 വയസ്സുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, തേജസ്വിക്ക് 26 വയസ്സാണെന്നും ജ്യേഷ്ഠനായ തേജ് പ്രതാപിന് 28 വയസ്സാണെന്നുമാണ് ലാലു പ്രസാദിന്റെ കുടുംബത്തോട് അടുത്ത ബന്ധുക്കൾ പറയുന്നത്.

നാമനിർദേശ പത്രികയിൽ ഇത്തരമൊരു തെറ്റ് കടന്നുവന്നത് എങ്ങനെയെന്ന് അറിയില്ലെന്നും ഇരുവരുടെയും നാമനർദേശ പത്രികകൾ പൂരിപ്പിച്ച ആർക്കോ പറ്റിയ അബദ്ധമാണിതെന്നുമാണ് ലാലുവിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇരുവരുടെയും വയസ്സ് സംബന്ധിച്ചുണ്ടായ തെറ്റിനെക്കുറിച്ച് പ്രതികരിക്കാൻ ലാലുവോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഇതുവരെ തയാറായിട്ടില്ല.

തേജ്പ്രതാപിന് 1.12 കോടി രൂപയുടെ സ്വത്തുണ്ടെന്നും 18 ലക്ഷം രൂപ ലോണായി എടുത്തിട്ടുണ്ടെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. തേജസ്വിക്ക് 1.40 കോടിയുടെ സ്വത്തുണ്ട്. 34 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സ്ഥാനാർഥികളിൽ നിന്നും നാമനിർദേശ പത്രികയും അതിനോടൊപ്പം സത്യവാങ്മൂലവും സ്വീകരിക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്യാറുള്ളത്. അവയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാറില്ലെന്ന് അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ ആർ.ലക്ഷ്മണൻ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.