ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിത്തെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പാവങ്ങള്‍ എന്താണ് കഴിക്കേണ്ടത്. ആട്ടയാണോ ഡാറ്റയാണോ? ഡാറ്റക്ക് വില കുറവും ആട്ടക്ക് വില കൂടൂതലും.ഇതാണ് രാജ്യത്തിന്റെ മാറ്റത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായം. കോളുകള്‍ മുറിഞ്ഞു പോവുന്ന പ്രശ്‌നം ആര് പരിഹരിക്കുമെന്നും ലാലു ട്വിറ്ററിലൂടെ പ്രതികരിച്ചു. റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. പത്രങ്ങളില്‍ മോഡിയെ കഥാപാത്രമാക്കി പരസ്യം വന്നതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ ജ്രിവാളും മോഡിക്കെതിരെ ആഞ്ഞടിച്ചു.മോഡിജി താങ്കള്‍ റിലയന്‍സിന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടോളു. പക്ഷേ രാജ്യത്തെ തൊഴിലാളികള്‍ 2019ല്‍ താങ്കളെ പാഠം പഠിപ്പിച്ചു കൊള്ളുമെന്നായിരുന്നു കെജ്രിവാളിന്റെ അഭിപ്രായം.