വില്‍പ്പനയില്‍ റിക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന ആപ്പിളിന്റെ ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവ ഒക്ടോബര്‍ 16ന് ഇന്ത്യന്‍ വിപണിയിലെത്തും.

അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ആപ്പിള്‍ ഐഫോണ്‍ 6എസ് ആദ്യ മൂന്നുദിവസംകൊണ്ട് വിറ്റത് 130 ലക്ഷം യൂണിറ്റുകള്‍. ഒരുവര്‍ഷം മുമ്പ് ഐഫോണ്‍ 6 ഇറങ്ങിയപ്പോള്‍, ആദ്യ മൂന്നുദിവസം വിറ്റത് 100 ലക്ഷം യൂണിറ്റുകളായിരുന്നു. ആ റിക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് പുതിയ ഐഫോണ്‍ ഇപ്പോള്‍.

‘ഇതിന് മുമ്പ് ഐഫോണ്‍ ഇറങ്ങിയ ഏത് വരാന്ത്യ വില്‍പ്പന പരിഗണിച്ചാലും ആപ്പിളിന്റെ ചരിത്രത്തില്‍ ഇത് റിക്കോര്‍ഡാണ് – ആപ്പിള്‍ മേധാവി ടിം കുക്ക് അറിയിച്ചു.

യൂറോപ്പിലും അമേരിക്കയിലും വില്‍പ്പനയ്‌ക്കെത്തിയ അതേ ദിവസം തന്നെ ഇത്തവണ ചൈനയിലും ഐഫോണ്‍ വില്‍പ്പനയ്‌ക്കെത്തി എന്ന പ്രത്യേകതയുണ്ട്. ഐഫോണ്‍ 6എസ് വില്‍പ്പന ആദ്യദിവസങ്ങളില്‍ ഇത്രയും ഉയരാന്‍ അതും കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.

സപ്തംബര്‍ 25 ന് 12 രാജ്യങ്ങളില്‍ മാത്രമാണ് ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവ വില്‍പ്പനയ്‌ക്കെത്തിയത്. ഒക്ടോബര്‍ 9 ന് 40 രാജ്യങ്ങളില്‍ക്കൂടി പുതിയ ഐഫോണെത്തും.

ഒക്ടോബര്‍ 16 ന് ഇന്ത്യയിലെത്തുമെന്ന് അറിവായെങ്കിലും, ഇന്ത്യയില്‍ പുതിയ ഐഫോണ്‍ മോഡലുകളുടെ വില എത്രയാണെന്ന് വെളിവായിട്ടില്ല. അക്കാര്യം ഒക്ടോബര്‍ ആദ്യവാരത്തോടെ തീരുമാനമാകും. അപ്പോള്‍ മുതല്‍ ഇന്ത്യയില്‍ മുന്‍കൂര്‍ ബുക്കിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

iPhone 6s

3ഡി ടച്ച് സങ്കേതത്തിന്റെ മികവോടെയെത്തുന്ന ഐഫോണ്‍ 6എസിന്റെ 16ജിബി മോഡലിന് ഇന്ത്യയില്‍ 55,000 രൂപയായിരിക്കുമെന്നാണ് കരുതുന്നത്. ഐഫോണ്‍ 6എസ് പ്ലസ് 16 ജിബി മോഡലിന് 65,000 രൂപ വിലയാകുമെന്നും സൂചനയുണ്ട്. ഇരു ഫോണുകളുടെയും 64 ജിബി, 128 ജിബി വേരിയന്റുകള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരും.

ഇന്ത്യയില്‍ ഐഫോണ്‍ വില്‍പ്പനയില്‍ 50-60 ശതമാനം വര്‍ധനയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. സാധാരണഗതിയില്‍ പുതിയ ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയിലെത്താന്‍ വലിയ കാത്തിരിപ്പ് വേണ്ടിവരാറുണ്ട്. ഇന്ത്യന്‍ വിപണിക്ക് ആപ്പിള്‍ വലിയ പ്രാധാന്യം കൊടുത്തു തുടങ്ങുന്നു എന്നതിന്റെ സൂചനയാണ് ആഴ്ചകള്‍ക്കകം ഇന്ത്യന്‍ വിപണിയില്‍ പുതിയ ഐഫോണുകളെത്തുന്നത്.

മാത്രമല്ല, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ആപ്പിളിന്റെ മുഖ്യ പ്രതിയോഗികളായ സാംസങ് തങ്ങളുടെ മുന്‍നിര മോഡലായ ഗാലക്‌സി നോട്ട് 5, ഗാലക്‌സി എസ്6 എഡ്ജ് പ്ലസ് എന്നിവ പ്രഖ്യാപിക്കുന്നതിലും ഒരു മാസം മുമ്പേ പുതിയ ഐഫോണുകള്‍ രംഗത്തെത്തിക്കുകയാണ്.