ഇന്ത്യ – ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ധർമ്മശാലയിൽ തുടക്കം

ധർമ്മശാല : ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ദൈർഘ്യമേറിയ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് ചുവട് വയ്ക്കുന്നു. 72 ദിവസത്തെ പര്യടനത്തിനായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്ക മൂന്ന് ട്വന്റി 20 കളും അഞ്ച് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമടങ്ങുന്ന പരമ്പരകളാണ് കളിക്കുന്നത്. നാളെ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ട്വന്റി 20 യോടെ തുടങ്ങുന്ന പോരാട്ടങ്ങൾ ഡിസംബർ ആദ്യവാരത്തിൽ ഡൽഹിയിലെ നാലാം ടെസ്റ്റോടെയാണ് അവസാനിക്കുന്നത്.

ലോകകപ്പിന്റെ സെമിഫൈനലുകളിൽ എത്തിയ ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഇന്ത്യ ആസ്ട്രേലിയയോടും ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനോടുമാണ് തോറ്റത്.
കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയ്ക്ക് 130 റൺ വിജയം നേടാൻ കഴിഞ്ഞു. മെൽബണിൽ നടന്ന മത്സരത്തിൽ ഇന്ത്യ 307/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ദക്ഷിണാഫ്രിക്ക 177 ന് ആൾഔട്ടാവുകയായിരുന്നു.
ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇന്ത്യയ്ക്ക് രണ്ട് ക്യാപ്ടൻമാരാണുള്ളത്. ട്വന്റി 20യിലും ഏകദിനത്തിലും ഇന്ത്യയെ ധോണി നയിക്കുമ്പോൾ ടെസ്റ്റിൽ കൊഹ്‌ലി ക്യാപ്ടൻസി ഏറ്റെടുക്കും. ദക്ഷിണാഫ്രിക്കയാകട്ടെ മൂന്ന് നായകരുമായാണ് വന്നിരിക്കുന്നത്. ട്വന്റി 20 യിൽ ഫാഫ് ഡുപ്ളെസിസ് നയിക്കുമ്പോൾ ഏകദിനത്തിൽ എബി ഡിവില്ലിയേഴ്സ് ക്യാപ്ടനാകും. ടെസ്റ്റിൽ വെറ്ററൻ ബാറ്റ്സ്മാൻ ഹാഷിം അംലയാണ് ക്യാപ്ടന്റെ കുപ്പായമണിയുന്നത്.
പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പരിശീലന മത്സരത്തിൽത്തന്നെ തോൽവി ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഡൽഹി പാലം ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ട്വന്റി 20 മത്സരത്തിൽ ഇന്ത്യ എ ടീമാണ് ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചത്. കരുത്തരായ എബി ഡിവില്ലിയേഴ്സ്, ഡുപ്ളെസിസ്, ഡുമിനി, മില്ലർ, ക്വന്റൺ ഡികോക്ക് തുടങ്ങയിവർ അടങ്ങിയ നിരയാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കാനിറങ്ങിയത്. ഇവർ ഉയർത്തിയ 189 റണ്ണാണ് ഇന്ത്യൻ യുവനിര ചേസ് ചെയ്ത് വിജയിച്ചത്. പ്രധാന പേസർമാരായ ഡേൽ സ്റ്റെയ്നിനും മോണി മോർക്കലിനും ദക്ഷിണാഫ്രിക്ക ട്വന്റി 20 കളിൽ വിശ്രമം അനുവദിച്ചിരിക്കുയകാണ്. ഡൽഹിയിൽ പരിശീലനവും സന്നാഹ മത്സരവും കഴിഞ്ഞ് ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ ധർമ്മശാലയിൽ എത്തി.
അതേസമയം ബാംഗ്ളൂർ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലനം കഴിഞ്ഞ് ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ധർമ്മശാലയിലെത്തി. സമുദ്രനിരപ്പിൽനിന്ന് 4780 അടി ഉയരത്തിലുള്ള ധർമ്മശാലയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ടീം ഇന്ത്യ രണ്ട് ദിവസമായി കഠിന പരിശീലനമാണ് നടത്തിയത്.
കഴിഞ്ഞ ദിവസം ടീം നെറ്റ് പ്രാക‌്ടീസിനിറങ്ങിയിരുന്നു. ടീം ഡയറക്ടർ രവി ശാസ്ത്രിയുടെ മേൽനോട്ടത്തിൽ ഫീൽഡിംഗിലും വാം അപ്പ് സെഷനിലുമാണ് കൂടുതൽ താരങ്ങൾ പങ്കെടുത്തത്. പേസർമാരായ മോഹിത് ശർമ്മയും ഭുവനേശ്വർ കുമാറും നെറ്റ്സിൽ ബൗളിംഗ് പ്രാക്ടീസ് നടത്തി. ഹർഭജൻ, അമിത്‌മിശ്ര എന്നിവരും ബൗൾ ചെയ്തു. ആൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി ബൗളിംഗ് കോച്ച് ബി. അരുണിനൊപ്പം ഏറെനേരം ചെലവിട്ടു. ഇന്നലെയാണ് ശിഖർധവാൻ ബാംഗ്ളൂരിലെ ത്രിദിനം കഴിഞ്ഞ് ധർമ്മശാലയിലെത്തിയത്.

ഫിക്സ്ചർ
ട്വന്റി 20
ഒക്ടോബർ 2 വെള്ളി
ധർമ്മശാല
ഒക്ടോ. 5 തിങ്കൾ
കട്ടക്ക്
ഒക്ടോ. 8 വ്യാഴം
കൊൽക്കത്ത

ഏകദിനങ്ങൾ
ഒക്ടോ. 11 ഞായർ
കാൺപൂർ
ഒക്ടോ. 14 ബുധൻ
ഇൻഡോർ
ഒക്ടോ. 8 ഞായർ
രാജ്കോട്ട്
ഒക്ടോ. 22 വ്യാഴം
ചെന്നൈ
ഒക്ടോ. 25 ഞായർ
മുംബയ്

പരിശീലന ദ്വിദിനം
ഒക്ടോ. 30 – 31
മുംബയ്

ടെസ്റ്റ്
നവംബർ 5 – 9
മൊഹാലി
നവംബർ 14 -18
ബാംഗ്ളൂർ
നവംബർ 25 – 29
നാഗ്പൂർ
ഡിസംബർ 3 – 7
ഡൽഹി

© 2024 Live Kerala News. All Rights Reserved.