ട്രെയിനുകളിലെ സ്‌ഫോടന പരമ്പര: അഞ്ചു ഭീകരര്‍ക്ക് വധശിക്ഷ

മുംൈബ: മുംബൈയില്‍ ട്രെയിനുകളില്‍ സ്‌ഫോടന പരമ്പര സംഘടിപ്പിച്ച് 188പേരെ കൊന്ന കേസില്‍ അഞ്ചു സിമി ഭീകരര്‍ക്ക് വധശിക്ഷ. ഏഴു പേര്‍ക്ക് പ്രത്യേക മക്കോക്ക കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമല്‍ അന്‍സാരി, എത്തേഷാം സിദ്ദിഖി, നവീദ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ. ട്രെയിനുകളില്‍ ബോംബുകള്‍ വച്ചത് ഇവരാണ്. ബോംബുണ്ടാക്കാന്‍ സാധനസാമഗ്രികള്‍ സംഘടിപ്പിച്ച് നല്‍കുകയും മറ്റു രീതിയിലുള്ള പിന്തുണ നല്‍കുകയും ചെയ്ത മൊഹമ്മദ് സജീദ് അന്‍സാരി, മൊഹമ്മദ് അലി, ഡോ.തന്‍വീര്‍ അന്‍സാരി, മജീദ് ഷാഫി, മുസമ്മീല്‍ ഷെയ്ഖ്, സൊഹെയ്ല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്കാണ് ജീവപര്യന്തം. 2006 ജൂലൈ 11 വൈകിട്ട് 6.23 മുതല്‍ എട്ടു മിനിട്ടിനകം ഏഴു ട്രെയിനുകളിലാണ് ഭീകരര്‍ ബോംബു സ്‌ഫോടനങ്ങള്‍ നടത്തിയത്. ഖാര്‍ റോഡ്, ബാന്ദ്ര, ജോഗേശ്വരി, മാഹിം, ബോറിവ്‌ലി, മാട്ടുങ്ക, മീരാ റോഡ് റെയില്‍വേ സ്‌റ്റേഷനുകളില്‍ നടന്ന സ്‌ഫോടനങ്ങൡ 188 പേര്‍ കൊല്ലപ്പെടുകയും  817 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് കടത്തിയ 20 കിലോ ആര്‍ഡിഎക്‌സ്  പ്രഷര്‍കുക്കറുകളില്‍ വച്ചാണ് ഭീകരര്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയും ലഷ്‌ക്കര്‍ ഇ തൊയ്ബയും സിമിയും ചേര്‍ന്നാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നാണ് എടിഎസ് കണ്ടെത്തിയിരുന്നത്. കേസില്‍ പതിനഞ്ചിലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവര്‍ പാക്കിസ്ഥാനിലേക്ക് കടന്നിരുന്നു. പിടിയിലായ 13 സിമി ഭീകരരില്‍ 12 പേരും കുറ്റക്കാരാണെന്ന് ഈ മാസം പതിനൊന്നിന് പ്രത്യേക ജഡ്ജി യതിന്‍ ഡി ഷിന്‍ഡെ കണ്ടെത്തിയിരുന്നു. ബോംബു വച്ചവരടക്കം എട്ടുപേരും മരണത്തിന്റെ വ്യാപാരികളാണെന്നും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ വാദം ഭാഗികമായി അംഗീകരിച്ച കോടതി ബോംബു വച്ച അഞ്ചു പേര്‍ക്കും വധശിക്ഷ തന്നെ നല്‍കി. ഏഴ് സംഘങ്ങളായി പിരിഞ്ഞാണ് ഭീകരര്‍ ഏഴു ട്രെയിനുകളില്‍ ബോംബുകള്‍ വച്ചത്. ഓരോ സംഘത്തിലും ഓരോ പാക്കിസ്ഥാനിയുമുണ്ടായിരുന്നു.തന്‍വീര്‍ അന്‍സാരിയും മൊഹമ്മദ് അലിയുമാണ്  ബോംബുണ്ടാക്കാന്‍ സ്ഥലം നല്‍കിയത്. സജീദ് അന്‍സാരിയാണ് ഇലക്ട്രിക് സര്‍ക്യൂട്ടുകളും ടൈമറുകളും വാങ്ങി നല്‍കിയത്. ലഷ്‌ക്കര്‍ ഇ തൊയ്ബ കമാന്‍ഡറും പാക്കിസ്ഥാനിയുമായ   അസം ചീമയാണ് സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകന്‍. അസ്ലം, ഹാഫിസുല്ല, സാബിര്‍, അബൂബക്കര്‍, കസം അലി, അമ്മു ജാന്‍, ഇഹ്‌സാനുല്ല, അബു ഹസന്‍ എന്നിവരാണ് പാക്കിസ്ഥാനിലേക്ക് കടന്ന പാക്കിസ്ഥാനികളായ പ്രതികള്‍. ഭാരതീയരായ റിസ്വാന്‍ ദാവ്രെ, റാഹില്‍ ഷെയ്ഖ്, അബ്ദുള്‍റസാഖ്, സൊഹെയ്ല്‍ ഷെയ്ഖ്, ഹഫീസ് സുബെര്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവരും പാക്കിസ്ഥാനിലേക്ക് മുങ്ങിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.