പ്രദർശന ലൈസൻസ് ലഭിച്ചില്ല; വിജയ് ചിത്രം പുലിയുടെ റിലീസ് വൈകുന്നു

ചെന്നൈ: വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ പുലിയുടെ റിലീസ് വൈകുന്നു. കേരളത്തിലും തമിഴ്നാട്ടിലുമടക്കമുള്ള തിയറ്ററുകളിൽ ഇതുവരെയും റിലീസ് നടന്നിട്ടില്ല. ചിത്രത്തിന്റെ നടനും സംവിധായകനും നിർമാതാക്കൾ അടക്കമുള്ളവരുടെ വീടുകളിൽ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് റിലീസ് നീണ്ടുപോകുന്നത്. നികുതിപ്പണം ഇന്നലെ രാത്രി തന്നെ അടച്ചിരുന്നുവെങ്കിലും പ്രദർശനത്തിനുള്ള ലൈസൻസ് ലഭിക്കാത്തതാണ് റിലീസ് വൈകുന്നതിനുള്ള കാരണം.

ഉച്ചയ്ക്ക് രണ്ടുമണിയോടെ റിലീസ് നടത്താൻ ആകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ തിയറ്ററുകൾക്കു നേരെ ആരാധകർ കല്ലെറിഞ്ഞു. തമിഴ്നാട്ടിൽ ഇതുവരെ പ്രശ്നങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

വിജയ് നായകനായ ‘പുലി’ സിനിമയുടെ നിർമാണത്തിനു കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണു വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തിയത്. 118 കോടി രൂപ ചെലവിലാണു സിനിമ നിർമിച്ചതെന്നു നിർമാതാക്കൾ അവകാശപ്പെട്ടിരുന്നു. സിനിമാ നിർമാണങ്ങൾക്കു പണം നൽകുന്ന മധുര അൻപു, രമേഷ് എന്നിവരുടെ ഓഫിസുകളും പരിശോധിച്ചു.

© 2024 Live Kerala News. All Rights Reserved.