മൂന്നാറിൽ സമരം ശക്തം: പെമ്പിളൈ ഒരുമ നിരാഹത്തിന്; കനത്ത പൊലീസ് സന്നാഹം

മൂന്നാർ: ദിവസക്കൂലി വർധന ആവശ്യപ്പെട്ട് മൂന്നാറിൽ സ്ത്രീ തൊഴിലാളികളും ഐക്യ ട്രേഡ് യൂണിയനുകളും സമരം ശക്തമാക്കുന്നു. സ്ത്രീ തൊഴിലാളികൾ നിരാഹാര സമരം തുടങ്ങി. കൂടുതൽ സ്ത്രീ തൊഴിലാളികളെ അണിനിരത്തി സമരം പിടിച്ചെടുക്കാനാണ് തീരുമാനം. മൂന്നാര്‍ പോസ്റ്റോഫീസിനു സമീപമുള്ള ടാക്സി സ്റ്റാന്റിലാണ് സമരം നടത്തുന്നത്. ഐക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കണ്ണൻ ദേവന്‍ ഹിൽ പ്ലാന്റേഷൻ ഔട്ട്‌ലെറ്റിനു മുന്നിൽ ധർണയും സംഘടിപ്പിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മൂന്നാർ മുൻ ഡിവൈഎസ്പി ഡി. പ്രഫുല്ലചന്ദ്രനെ അധികച്ചുമതല നൽകി തിരിച്ചുവിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടത്തിയ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിലും കൂലി വർധനവു സംബന്ധിച്ചു തീരുമാനമാകാതിരുന്നതോടെയാണു തൊഴിലാളികൾ വീണ്ടും സമര രംഗത്തിറങ്ങിയത്. മൂന്നാറിലെ ആദ്യ സമരത്തിനു ദേശീയ മുഖം നൽകിയ പെമ്പിളൈ ഒരുമ പ്രവർത്തകരോട് ഒരുമിച്ചു സമരം നടത്താമെന്ന് ട്രേഡ് യൂണിയനുകൾ പറഞ്ഞെങ്കിലും അവർ അത് അംഗീകരിച്ചില്ല. തുടർന്ന് യൂണിയൻ പ്രവർത്തകർ സമരവേദി അക്രമം അഴിച്ചുവിട്ടു. മൂന്നാർ ടൗണിൽ സംഘർഷവും കല്ലേറുമുണ്ടായി. പൊലീസ് ലാത്തിവീശി. ട്രേഡ് യൂണിയൻ പ്രവർത്തകരുടെ കല്ലേറിൽ ഏഴു മാധ്യമപ്രവർത്തകർക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

ഇടുക്കി ജില്ലയിലെ മറ്റു തേയിലത്തോട്ടങ്ങളിലും സമരം ശക്തമായി തുടരുകയാണ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാർ, രാജമല, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.

© 2024 Live Kerala News. All Rights Reserved.