മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് ആഘാതമായി തോട്ടം തൊഴിലാളി സമരം

മൂന്നാർ: ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമായി തോട്ടം തൊഴിലാളി സമരം ശക്തമായി തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30% സഞ്ചാരികളുടെ കുറവ് ഇത്തവണ ഉണ്ടായി. പുതിയ സീസണ്‍ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ തൊഴിലാളി സമരം ടൂറിസം മേഖലയ്ക്കു പ്രതിസന്ധിയാവുകയാണ്.

സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒന്‍പതുനാള്‍ നീണ്ടു നിന്ന പെണ്‍കൂട്ടായ്മയുടെ ചരിത്രസമരത്തിൽ ദേശീയ പാത ഉപരോധിച്ചുള്ള സമരം ആയിരകണക്കിന് വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി. അവധി ദിവസങ്ങളില്‍ മിക്കതും പൊതുനിരത്തില്‍ ചെലവഴിക്കേണ്ടി വന്നതോടെ സഞ്ചാരികള്‍ മൂന്നാറില്‍ നിന്ന് അകന്നു.

അവധി ദിനങ്ങളില്‍ 3000ത്തിലേറെ സഞ്ചാരികള്‍ സന്ദര്‍ശിച്ചിരുന്ന രാജമലയില്‍ സന്ദര്‍ശകരുടെ എണ്ണം നേര്‍പകുതിയായി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി മുന്നേറുന്ന ഐക്യട്രേഡ് യൂണിയന്‍ സ്ത്രീ കൂട്ടായ്മ സമരവും സഞ്ചാരികളെ മൂന്നാറില്‍ നിന്നു വീണ്ടും അകറ്റുകയാണ്. റോഡ് ഉപരോധം കൂടി ആരംഭിച്ചതോടെ സഞ്ചാരികള്‍ മൂന്നാറില്‍ നിന്നു മുഖം തിരിക്കുകയാണ്.

കഷ്ടനഷ്ടങ്ങള്‍ ഏറെ സഹിച്ചും മൂന്നാറിലെ വ്യാപാരമേഖല തോട്ടം തൊഴിലാളി സമരത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. തൊഴിലാളികളുടേതു ന്യായമായ ആവശ്യങ്ങളെന്ന് ഏറ്റുപറയുന്ന നാട്ടുകാര്‍ പ്രശ്‌നപരിഹാരത്തിനാണു കാത്തിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.