കാസർകോ‍ട് ബാങ്ക് കവർച്ച: ഒരാൾ പൊലീസ് പിടിയിൽ; രേഖാചിത്രം തയാറാക്കുന്നു

കാഞ്ഞങ്ങാട്: ചെറുവത്തൂരിലെ വിജയ ബാങ്കിൽ കവർച്ച നടത്തിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. ബാങ്കിനു താഴെ കടമുറികൾ വാടകയ്ക്ക് എടുത്തയാളെയാണ് പിടികൂടിയത്. തൃക്കരിപ്പൂർ വെള്ളാട്ട് സ്വദേശി യൂസഫ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. യൂസഫ് ആണ് കെട്ടിട ഉടമയുമായി കരാറിൽ ഏർപ്പെട്ട് കടമുറികൾ വാടകയ്ക്ക് എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മഞ്ചേശ്വരം സ്വദേശിയെന്നു പരിചയപ്പെടുത്തിയ ഒരാളും വെള്ളാട്ടു സ്വദേശിയായ യൂസഫുമാണ് കെട്ടിടം വാടകയ്ക്ക് എടുത്തത്. ഇരുവരും ബിസിനസ് പാർട്നർമാരാണെന്നാണ് യൂസഫ് പൊലീസിനു മൊഴി നൽകിയത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുകയുള്ളെന്നു പൊലീസ് അറിയിച്ചു. കൂടാതെ, പ്രതികളെ പിടികൂടാൻ ഊർജിതശ്രമം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കേസിൽ മഞ്ചേശ്വരം സ്വദേശിയായ പ്രതിയുടെ രേഖാചിത്രം പൊലീസ് തയാറാക്കുകയാണ്. സമീപത്തെ സഹകരണ ബാങ്കിന്റെ സിസിടിവിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ശ്രമം. ചെറുവത്തൂരിലെ വിജയ ബാങ്കിൽ നടന്ന ചേലേമ്പ്ര മോഡൽ കവർച്ചയിൽ 19.5 കിലോ സ്വർണവും മൂന്നു ലക്ഷം രൂപയും നഷ്ടമായിരുന്നു. 7.33 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാങ്കിൽ സുരക്ഷാവീഴ്ചയുണ്ടായതായാണ് പൊലീസ് വിലയിരുത്തൽ.

അതേസമയം, ചെറുവത്തൂര്‍ വിജയ ബാങ്കിലെ കവര്‍ച്ചയ്ക്കു പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചനയെന്നു സൂചന. മൂന്നു മാസം മുമ്പ് ബാങ്ക് കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ഫാന്‍സി കട തുടങ്ങാനെന്ന വ്യാജേന കടമുറി വാടകയ്ക്കു എടുത്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ അയൽസംസ്ഥാനങ്ങളിലേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം കർണാടക, ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കാണ് നീങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.