ഇതുതാനെടാ സിഗം.. ബോഡോ ഭീകരര്‍ക്ക് പേടിസ്വപ്നമായി വനിതാ ഐ.പി.എസ് ഓഫീസര്‍


ഗുവാഹത്തി:
ബോഡോ ഭീകരരുടെ  മനസിൽ ഭയത്തിന്റെ നിഴൽ വീഴ്ത്തുന്ന പേരാണ് സംജുക്ത പരാശർ. എ.കെ 47 തോക്കും കൈയിലേന്തി കൊടുംവനത്തിൽ പട്രോൾ നടത്തുന്ന  സൈനികസംഘത്തിന് മുന്നിൽ അസാമിലെ  സോനിത്പൂർ ജില്ലയിലെ പൊലീസ് സൂപ്രണ്ടായ സംയുക്ത പരാശറാണ് ഉണ്ടാവുക. വനിതാ ഐ.പി.എസ് ഓഫീസറാണ്  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ  കലാപകാരികളെ അടിച്ചമർത്താനുള്ള ഓപ്പറേഷനുകൾക്ക് ചുക്കാൻ പിടിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

1433878275sanjyukta
അസാമിൽ നിന്നുള്ള ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് സംജുക്ത. 2006 ബാച്ചുകാരിയായ അവർ   കഴിഞ്ഞ 15 മാസമായി  ബോഡോ വിരുദ്ധ നീക്കങ്ങളുടെ ചുക്കാൻ പിടിക്കുന്നു.
ഇക്കാലയളവിനുള്ളിൽ സംഘം 16 ഭീകരരെ വെടിവച്ചുവീഴ്ത്തുകയും 64 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.   കൂടാതെ നിരവധി ആയുധങ്ങളും അവരിൽ നിന്ന്  പിടിച്ചെടുത്തു.  കഴിഞ്ഞ ഡിസംബറിൽ കൊക്രാജാറിലും സോനിത്പൂരിലുമുണ്ടായ ബോഡോ ആക്രമണങ്ങൾ   ഭീകരസംഘങ്ങളുടെ നിരാശയിൽ നിന്നുണ്ടായതാണെന്ന് സംയുക്ത പറയുന്നു. സംഘടനാശക്തി ചോർന്നതോടെ  ഭീകരർ  ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈനികർക്ക് കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള വനത്തിലെ ഊരുകളിലെ താമസക്കാരുടെ സഹായത്തോടെയാണ് ഭീകരർ ഒളിത്താവളമൊരുക്കുന്നത്. ഭയം മൂലം ഗ്രാമീണർ  ഇവരെ സഹായിക്കുകയും ചെയ്യും.
ഭീകരരെ മാത്രമല്ല സംഘത്തിന് നേരിടേണ്ടി വരുന്നത്. വന്യമായ  പ്രകൃതിയും കാട്ടുമൃഗങ്ങളുടെ ആക്രമണവും പ്രതികൂല ഘടകങ്ങളാണെന്ന് സംയുക്ത പറഞ്ഞു. കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടാൽ പിൻവാങ്ങുക  അല്ലെങ്കിൽ അവ നീങ്ങുന്നത് വരെ  മണിക്കൂറുകളോളം കാത്തിരിക്കുക എന്നത് മാത്രമാണ് പോംവഴി. സൂര്യൻ  മറയുന്നതോടെ ഊർന്നിറങ്ങുന്ന തണുപ്പ്  ഊർജം  ചോർത്തുന്നത് കൂടാതെ  മഴ പെയ്താൽ നീന്തിക്കയറേണ്ടിയും വരാറുണ്ടെന്ന് സംജുക്ത പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.