കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് പ്രതിഷേധം, ലാത്തിച്ചാര്‍ജ്;ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകന് പരിക്ക്

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് ജീവനക്കാര്‍ ചേരി തിരിഞ്ഞ് നടത്തിയ സമരം കയ്യേറ്റത്തിലും ചെരിപ്പേറിലും ലാത്തിച്ചാര്‍ജിലും കലാശിച്ചു. ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റു.
പ്രസിഡന്റ് ജോയ് തോമസിനെ അനുകൂലിക്കുന്നവരും മുന്‍ മാനേജിങ് ഡയറക്ടര്‍ ടോമി തച്ചങ്കരിയെ അനുകൂലിക്കുന്നവരുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി അംഗവുമായ സതീശന്‍ പാച്ചേനിയെ ഒരു വിഭാഗം ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ജോയ് തോമസിനെ കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ടോമിന്‍ തച്ചങ്കരിയെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ജീവനക്കാര്‍ സമരം നടത്തിയത്. വനിതാ ജീവനക്കാര്‍ ചൂലേന്തിയും പ്രകടം നടത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ പരസ്പരം ചെരിപ്പെറിയുകയും കുപ്പി എറിയുകയും ചെയ്തു. ഓഫീസിലേയ്ക്ക് കയറാന്‍ ശ്രമിച്ച വനിതാജീവനക്കാര്‍ക്കെതിരെ കൈയേറ്റശ്രമം നടന്നതായും അവരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
ഇതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ മീഡിയ വണ്‍ ചാനല്‍ ക്യാമറാമാന്‍ സിജോയ്ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രകടനം നടത്തി.

© 2023 Live Kerala News. All Rights Reserved.