1948 ൽ നേതാജി ചൈനയിലെ മഞ്ചൂറിയയിൽ ജീവിച്ചിരുന്നുവെന്ന് രേഖകൾ

കൊൽക്കത്ത ∙ നേതാജി സുഭാഷ് ചന്ദ്രബോസ് 1948 ൽ ചൈനയിലെ മഞ്ചൂറിയയിൽ ജീവിച്ചിരുന്നുവെന്ന് നേതാജിയുടെ അടുത്ത വിശ്വസ്തരിലൊരാളായ ദേബ് നാഥ് ദാസ് അവകാശപ്പെട്ടിരുന്നതായി രേഖകൾ. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ പുറത്തുവിട്ട രേഖകളിലൊന്നിലാണ് ഇക്കാര്യമുള്ളത്.

1948 ഓഗസ്റ്റ് ഒൻപതിന് എഴുതിയിരിക്കുന്ന രേഖയിലാണ് ഇതു വ്യക്തമാക്കുന്നത്. ഇന്ത്യൻ നാഷനൽ ആർമി (ഐഎൻഎ)യുടെ മുൻപ്രവർത്തകനായിരുന്നു ദേബ് നാഥ്. നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുപ്പുണ്ടെന്നും അദ്ദേഹം ഇപ്പോൾ ചൈനയിലെ മഞ്ചൂറിയയിൽ എവിടെയോ ആണെന്നും തന്റെ പ്രസംഗത്തിലൂടെയാണ് ദേബ് നാഥ് ജനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും അറിയിച്ചത്. ജനങ്ങളുടെ വിശ്വാസത്തിനായി അദ്ദേഹം മറ്റൊരു കാര്യവും പറഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് പിന്നാലെ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാധ്യതയുള്ളതായി വിമാനാപകടത്തിനു തൊട്ടു മുൻപ് നേതാജി തന്നോട് പറഞ്ഞിരുന്നു.

1948 ൽ ദേശീയ-രാജ്യാന്തര സാഹചര്യങ്ങളെ വളരെ കൃത്യമായി നേതാജി നിരീക്ഷിച്ചിരുന്നു. ഏതൊക്കെ വിദേശ രാജ്യമാണ് ഇന്ത്യയുടെ മിത്രമെന്നും ശത്രുവെന്നും നേതാജി തന്റെ നിരീക്ഷണത്തിലൂടെ വ്യക്തമായി മനസ്സിലാക്കിയിരുന്നു. ഇക്കാര്യവും ദേബ് നാഥ് പറഞ്ഞിരുന്നതായി രേഖകളിൽ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട 64 രഹസ്യ രേഖകൾ പശ്ചിമ ബംഗാൾ സർക്കാർ പുറത്തുവിട്ടത്. 1945ൽ വിമാനാപകടത്തിൽ നേതാജി മരിച്ചുവെന്നത് സ്ഥിരീകരിക്കുന്ന രേഖകൾ ഒന്നുംതന്നെ ഇവയ്ക്കൊപ്പമില്ലായിരുന്നു.

© 2024 Live Kerala News. All Rights Reserved.