റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് ഇനി സ്ലീപ്പര്‍ ടിക്കറ്റില്ല…

പാലക്കാട്: തീവണ്ടികളില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് ബുക്കിങ് കൗണ്ടറുകളില്‍നിന്ന് സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയില്‍വേ നിര്‍ത്തലാക്കി.

റെയില്‍വേ ബോര്‍ഡിന്റെ ഈ തീരുമാനം സപ്തംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍വന്നു. ബുക്കിങ് ഓഫീസുകളില്‍ ഇനി സാധാരണ ടിക്കറ്റുകള്‍ മാത്രമാവും വിതരണംചെയ്യുക. ദീര്‍ഘദൂര വണ്ടികളില്‍ പകല്‍സമയം ചീഫ് ബുക്കിങ് സൂപ്പര്‍വൈസറുടെ അനുമതിയോടെയാണ് സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കിയിരുന്നത്.

ഉയര്‍ന്ന ക്ലാസുകളിലേക്കും സ്ലീപ്പര്‍ ക്ലാസുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ക്ക് ടിക്കറ്റ് നല്‍കാവുന്ന സംവിധാനം ഇതോടെ ഇല്ലാതായി. സ്ലീപ്പര്‍ ടിക്കറ്റെടുത്ത് ദീര്‍ഘദൂര വണ്ടികളില്‍ കയറുന്നവര്‍ റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റുകളില്‍ കയറി ടി.ടി.ഇ.മാരുമായും മറ്റ് യാത്രക്കാരുമായും തര്‍ക്കിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.  മുന്‍കൂര്‍ റിസര്‍വ് ചെയ്യാത്തവര്‍ക്ക് സ്സീപ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്നതില്‍ നിയന്ത്രണംവേണമെന്ന് റെയില്‍വേ ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും  ഈ സൗകര്യം പൂര്‍ണമായി എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്.

പുതിയ നിയമമനുസരിച്ച് പെട്ടെന്ന് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് ഇനി സാധാരണ ടിക്കറ്റ് മാത്രമേ ലഭിക്കൂ. ഈ ടിക്കറ്റുമായി റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ടി.ടി.ഇ.മാരെ കണ്ടശേഷം സീറ്റ് ലഭ്യമാണെങ്കില്‍മാത്രമേ റിസര്‍വ്ഡ് കോച്ചുകളില്‍ കയറാനാവൂ. ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റിനാവശ്യമായ തുകകൂടി ഈ സമയം നല്‍കേണ്ടിവരും.

© 2024 Live Kerala News. All Rights Reserved.