കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്ന് ഫറൂഖ് അബ്ദുള്ള

ലണ്ടൻ∙ കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് നാഷണല്‍ കോൺഫറൻസ് നേതാവും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ആണാവായുധം ഉപയോഗിച്ച് കശ്മീർ പ്രശ്നം പരിഹരിക്കാമെന്ന പാക്കിസ്ഥാന്റെ ധാരണയെ തള്ളിയ അദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയാണ് പ്രശ്നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്നും കൂട്ടിചേർത്തു.

യുദ്ധ ഭീഷിണി കൊണ്ടോ ആറ്റം ബോംബ് ഉപയോഗിച്ചത് കൊണ്ടോ, ആണവായുധം ഉണ്ടെന്ന് അവകാശപ്പെട്ടത് കൊണ്ടോ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല. എന്തായാലും അതിർത്തിക്ക് മാറ്റമുണ്ടാകില്ലെന്ന കാര്യം വ്യക്തമാണെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. എത്ര രാജ്യങ്ങൾ ആവശ്യപ്പെട്ടാലും അതിർത്തിക്ക് മാറ്റമുണ്ടാകില്ല. റോയുടെ മുൻമേധാവി എ.എസ് ദുലത്തിനൊപ്പം ‘എ കോൺവർസേഷൻ ഓൺ ജമ്മു ആന്റ് കശ്മീർ’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ഫറൂഖ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പാക്കിസ്ഥാന്‍ ആകാശത്തിന് മുകളിൽ നിന്നു ശ്രമിച്ചാലും കശ്മീർ അവർക്ക് ലഭിക്കില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഇത് സംഭവിക്കില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. രണ്ടു ഭാഗത്തും മരിക്കുന്നത് മുസ്‌ലിം ജനതയാണെന്ന് പാക്കിസ്ഥാൻ തിരിച്ചറിയാത്തത് എന്തുകൊണ്ടാണെന്നും അദേഹം ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.