‌പാക്കിസ്ഥാനിലുള്ള മാതാപിതാക്കളുമായി സംസാരിക്കണം; പിടിയിലായ ഭീകരൻ മുഹമ്മദ് നവേദ്

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഉധംപൂരിൽ നിന്നും പിടിയിലായ ഭീകരൻ മുഹമ്മദ് നവേദ് പാക്കിസ്ഥാനിലുള്ള തന്റെ മാതാപിതാക്കളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ പ്രത്യക കോടതിക്കു മുൻപാകെയാണ് നവേദ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതോടെ നവേദ് പാക്ക് സ്വദേശി തന്നെയാണെന്ന ഇന്ത്യയുടെ വാദത്തിന് കൂടുതൽ ബലമേകി.

ജഡ്ജ് സാഹിബ് അവരെക്കുറിച്ചുള്ള ഓർമകൾ തുടർച്ചയായി എന്റെ മനസ്സിൽ വരുന്നു. കഴിഞ്ഞ കുറെ കാലമായി ഞാനവരോട് സംസാരിച്ചിട്ട്. ഫോണിലൂടെ അവരോട് സംസാരിക്കാൻ താങ്കൾ എന്നെ സഹായിക്കണം. ഞാനവരുടെ നമ്പർ മുൻപു തന്നെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്ക് നൽകിയിട്ടുണ്ടെന്നും നവേദ് കോടതിക്കു മുൻപാകെ അറിയിച്ചു. തനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും നവേദ് പറഞ്ഞു.

നവേദ് നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ ആ നമ്പർ ഇപ്പോൾ നിലവിലില്ലെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ഇതുകേട്ടയുടൻ തന്റെ കൈയ്യിൽ സുഹൃത്തുക്കളുടെ നമ്പറുകളുണ്ടെന്നും ആ നമ്പറിലേക്ക് വിളിക്കാനും നവേദ് ആവശ്യപ്പെട്ടു. തന്റെ കൈയ്യലുണ്ടായിരുന്ന ഏതാനും നമ്പറുകൾ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഹമ്മദ് നവീദിനെയും ഇയാൾക്ക് സഹായം ചെയ്ത ഷൗക്കത്ത്, കുർഷീദ് എന്നിവരെ പ്രത്യേക കോടതിക്കു മുൻപാകെ ഹാജരാക്കിയത്. ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഉധംപൂരില്‍ ആക്രമണം നടത്തുന്നതിനിടെ നവേദിനെ നാട്ടുകാരാണ് ജീവനോടെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈയിൽ ഭീകരാക്രമണം നടത്തിയ അജ്മൽ കസബിനു ശേഷം ജീവനോടെ ഇന്ത്യയുടെ പിടിയിലാകുന്ന ആദ്യ പാക്ക് ഭീകരനാണ് നവേദ്.

© 2024 Live Kerala News. All Rights Reserved.