നേതാജി വിമാനാപകടത്തിൽ മരിച്ചിട്ടില്ല; പ്രതീക്ഷയേകി റേഡിയോ സന്ദേശം

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ബംഗാൾ സർക്കാർ പുറത്തുവിട്ട രേഖകൾ നേതാജി വിമാനാപകടത്തിൽ മരിച്ചിട്ടില്ല എന്നത് കൂടുതൽ സ്ഥിരീകരിക്കുന്നു. നേതാജിയുടെ അന്തരവനായ അമിയ നാഥ് ബോസ് തന്റെ സഹോദരനായ സിസിർ കുമാർ ബോസിന് എഴുതിയ കത്താണ് ഇക്കാര്യത്തെ ഒന്നുകൂടി ശക്തമാക്കിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി രണ്ടുവർഷങ്ങൾക്കു ശേഷം അമിയ എഴുതിയ കത്താണിത്. ഇന്നലെ സർക്കാർ പുറത്തുവിട്ട രേഖകളിലാണ് ഈ കത്തുമുള്ളത്.

കത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്: ‘‘കഴിഞ്ഞ ഒരു മാസമായി റേഡിയോയിലൂടെ തികച്ചും അപരിചിതമായ ഒരു സംപ്രേക്ഷണം കേൾക്കുന്നുണ്ട്. വളരെ അടുത്തുനിന്നാണ് ഈ സംപ്രക്ഷേപണം. ഇതിൽ പറയുന്നത് ഒരേയൊരു കാര്യമാണ്. ബോസ് സംസാരിക്കാൻ ആഗ്രഹിക്കുന്നു. മണിക്കൂറുകളോളം ഈ വാചകങ്ങൾ മാത്രമാണ് റേഡിയോയിലൂടെ കേട്ടത്. എവിടെ നിന്നാണ് ഇതു പ്രക്ഷേപണം ചെയ്യുന്നത് എന്നവർ പറയുന്നില്ല. പക്ഷേ വളരെ അടുത്തുനിന്നായതിനാൽ നമുക്കതിന്റെ സ്ഥാനം കണ്ടുപിടിക്കാനാവും’’.

 1949 നവംബർ 18–ാം തീയതിയാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊൽക്കത്ത പൊലീസ് സ്പെഷൽ ബ്രാഞ്ചാണ് ഈ കത്ത് കണ്ടെത്തിയത്. 1945 ഓഗസ്റ്റ് 18നു തയ്‌വാനിൽ വിമാനാപകടത്തിൽ ഇന്ത്യൻ നാഷനൽ ആർമിയുടെ സ്ഥാപകനായ സുഭാഷ് ചന്ദ്രബോസ് മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട 64 രഹസ്യ രേഖകളാണ് ബംഗാൾ സർക്കാർ ഇന്നലെ പുറത്തുവിട്ടത്. 112,000 പേജുകളുള്ള ഫയലുകളാണ് പുറത്തുവിട്ടത്. 12000ലധികം പേജുകള്ള രേഖകള്‍ പൂര്‍ണ്ണമായി ഡിജിറ്റല്‍ രൂപത്തിലാക്കിയ ശേഷമാണ് പുറത്തു വിട്ടത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍, കത്തുകള്‍ എന്നിവയാണ് ഈ രേഖകളിലുള്ളത്.

© 2024 Live Kerala News. All Rights Reserved.