പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത്‌ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി:  പെണ്‍കുട്ടികള്‍ രാത്രി കാലങ്ങളില്‍ വീടിന് പുറത്തിറങ്ങി നടക്കുന്നത് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ. മറ്റെവിടെയും സ്ത്രീകള്‍ക്ക് ഇതാവാം. പക്ഷേ ഇന്ത്യയുടെ സംസ്‌കാരത്തിന് അത് ചേര്‍ന്നതല്ല. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

 

നോയ്ഡ എം.പിയായ മഹേഷ് ശര്‍മ്മ മന്ത്രിപദവിയിലെത്തിയ നാള്‍ മുതല്‍ വിവാദ പരാമര്‍ശങ്ങളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ്. അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം മുസ്‌ലിം ആയിരുന്നിട്ട് പോലും ഒരു ദേശീയവാദിയുമായിരുന്നുവെന്ന വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം പെണ്‍കുട്ടികളുടെ രാത്രിസഞ്ചാരത്തെക്കുറിച്ച് പ്രതികരണം നടത്തിയത്.

 

ജൈനമത ഉത്സവത്തോട് അനുബന്ധിച്ച് ചില സംസ്ഥാനങ്ങളില്‍ ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തിയതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചില സമുദായങ്ങളോടുള്ള ആദരവിന്റെ ഭാഗമായി ഇങ്ങനെ ഇറച്ചി നിരോധിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

 

രണ്ട് ദിവസത്തേക്കുള്ള ചെറിയ ത്യാഗം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ബൈബിളിനേയും ഖുറാനേയും താന്‍ ബഹുമാനിക്കുന്നു. പക്ഷേ ഗീതയും രാമായണവും പോലെ ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമൊന്നുമല്ല ബൈബിളും ഖുറാനും-അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.