മാംസ നിരോധനം നിർബന്ധപൂർവം ജനങ്ങളിൽ അടിച്ചേൽപ്പിക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി∙ ജൈന മതക്കാരുടെ ഉൽസവത്തോടനുബന്ധിച്ച് മുംബൈയിൽ മാംസവിൽപന നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നടപടി റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിയിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ടി.എസ്. താക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് മാംസവിൽപന നിരോധനം റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ചത്.

മാംസവിൽപന നിരോധിച്ച രീതിയേയും വിമർശിച്ച സുപ്രീം കോടതി മാംസവിൽപന നിരോധനം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും വ്യക്തമാക്കി. മാംസവിൽപന നിരോധനത്തെ എതിർക്കുന്നവരുടെ നിലപാടും അനുഭാവപൂർവം പരിഗണിക്കാൻ അധികാരികൾ തയാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

മാംസ വിൽപന നിരോധിച്ചു കൊണ്ടുള്ള സർക്കാർ നടപടി റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഒരു മതസംഘടന സമർപ്പിച്ച ഹർജി തീർപ്പാക്കവെയാണ് സുപ്രീം കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അഹിംസയെന്നത് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യമാണെന്നും മൃഗങ്ങളോടുള്ള ഇടപെടലിന്റെ കാര്യത്തിലും ഇത് പാലിക്കേണ്ടതാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. മൃഗങ്ങളോടും ദയകാട്ടേണ്ടതുണ്ടെന്നും ഇത്തരം തത്വചിന്തയിൽ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ലോകരാജ്യങ്ങളുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ, ചില ഉൽസവങ്ങളോട് അനുബന്ധിച്ച് മാത്രമായി മൃഗങ്ങളോടുള്ള ദയ ചുരുക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഇത്തരം തീരുമാനങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.