ദല്‍ഹിയില്‍ ഡെങ്കിപ്പനി പടരുന്നു; മരണം പതിനൊന്നായി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഡെങ്കിപ്പനി മരണസംഖ്യ ഉയരുന്നു. ഇതുവരെ പതിനൊന്ന് പേര്‍ വിവിധ ആശുപത്രികളിലായി പരിച്ചു. ഇതേത്തുടര്‍ന്ന് കനത്ത ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 1800 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. രോഗികളുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിവിധ ആശുപത്രികളുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ നടത്തിയ ഉന്നത തല ചര്‍ച്ചയ്ക്ക് ശേഷമാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ആശുപത്രികളില്‍ 1000 കിടക്കകള്‍ അധികമായി സജ്ജമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അവധിയില്‍പോയ സര്‍ക്കാര്‍ ഡോക്ടര്‍മാരോട് ഉടന്‍ ലീവ് റദ്ദാക്കി തിരിച്ചുവരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചികിത്സ കിട്ടാതെ മരിച്ച ഏഴുവയസ്സുകാരന്റെ മാതാപിതാക്കള്‍ ജീവനൊടുക്കിയ സംഭവം ദേശീയ ശ്രദ്ധ നേടിയതോടെയാണ് ദല്‍ഹി സര്‍ക്കാര്‍ അടിയന്തര നടപടികളുമായി രംഗത്തെത്തിയത്. വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന ആശുപത്രികളില്‍ ഡെങ്കിപ്പനി ചികിത്സക്കായി പ്രത്യേക ക്ലിനിക്കുകള്‍ രൂപവത്കരിക്കാനും ദല്‍ഹി ആരോഗ്യവകുപ്പ് മന്ത്രി സത്യന്ദേര്‍ ജെയിന്‍ നിര്‍ദ്ദദേശം നല്‍കി. ഒരു കട്ടിലില്‍ രണ്ടുപേരെ കിടത്തി ചികിത്സിക്കേണ്ടി വന്നാലും ഡെങ്കിപ്പനി ബാധിച്ചവരെ തിരിച്ചയക്കരുതെന്നാണ് നിര്‍ദേശം.

© 2024 Live Kerala News. All Rights Reserved.