ഗാലക്സിക്ക് വെല്ലുവിളിയുമായി മോട്ടോ എക്സ് പ്ലേ എത്തി

മോട്ടോറോളയില്‍ നിന്നുള്ള പുതിയ സ്മാര്‍ട്ഫോണ്‍ മോട്ടോ എക്സ് പ്ലേ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ ഇന്ത്യയിലെ വില്‍പ്പന ഫ്ളിപ്കാര്‍ട്ട് വഴിയാണ്. മോട്ടോ – എക്സ് സ്റ്റൈല്‍ എന്ന സ്മാര്‍ട്ഫോണിന്റെ വിലകുറഞ്ഞ രൂപമാണ് പുതിയ ഫോണ്‍. മികച്ച ബാറ്ററി ബാക്കപ്പും 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുള്ള ഫോണിനു കരുത്തു പകരുന്നത് 1.7 ജിഗാഹെട്സ് വേഗതയുള്ള 64 ബിറ്റ് ഒക്ടാകോർ സ്നാപ് ഡ്രാഗണ്‍ 615 പ്രോസസറാണ്.

2 ജിബി റാമുമായി എത്തുന്ന മോട്ടോ എക്സ് പ്ലേയുടെ ബാറ്ററി 3650 എംഎഎച്ച് ആണ്. വേഗത്തിലുള്ള ചാര്‍ജിങ്ങും 48 മണിക്കൂറോളം ഇന്റര്‍നെറ്റ് & വോയിസ് കാള്‍ ഉപയോഗവും പിന്തുണയ്ക്കുന്ന ഈ ബാറ്ററി എക്സ് പ്ലേയെ നിലവിലുള്ള സ്മാര്‍ട്ഫോണുകള്‍ക്കിടയിലെ എക്സലന്റ് പ്ലെയറാക്കും.

മോട്ടോറോള സ്മാര്‍ട്ഫോണുകളുടെ ഓണ്‍ലൈന്‍ റീട്ടെയില്‍ പങ്കാളികളായ ഫ്ലിപ്കാര്‍ട്ട് മോട്ടോ എക്സ് പ്ലേയെ വരവേല്‍ക്കാന്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രത്യേക പേജ് തന്നെ തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയും എക്സ് പ്ലേയെക്കുറിച്ചുള്ള വിവരങ്ങള്‍ മോട്ടോറോള നേരത്തെ നല്‍കിത്തുടങ്ങിയിരുന്നു. മോട്ടോ എക്സ് പ്ലേയുടെ 21 മെഗാപിക്സല്‍ പിന്‍ ക്യാമറയെ നന്നായി പുകഴ്ത്തിയാണ് പരസ്യം ചെയ്യുന്നത്.

ആന്‍ഡ്രോയ്ഡ് 5.1.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 16 ജിബി ആന്തരിക സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കും. സെൽഫി പ്രേമികൾക്കായി 5 മെഗാ പിക്സൽ വ്യക്തത നൽകുന്ന മുൻ കാമറയോട് കൂടിയ ഈ 4ജി ഫോണിന്റെ വില 18,499 രൂപയാണ്.

 

curtesy:manorma

© 2024 Live Kerala News. All Rights Reserved.