കണ്ണന്‍ ദേവന്‍ തൊഴില്‍ സമരത്തിന് ഉജ്വല വിജയം; തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് കമ്പനി വഴങ്ങി

 
മൂന്നാര്‍: ട്രേഡ് യൂണിയനുകളുടെ നേതൃത്വമില്ലാതെ മൂന്നാറിലെ കണ്ണന്‍ ദേവന്‍ തൊഴിലാളികള്‍ ഒമ്പത് ദിവസമായി നടത്തിയ സമരത്തിന് ചരിത്ര വിജയം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും തൊഴിലാളി പ്രതിനിധികളും അംഗീകൃത ട്രേഡ് യൂണിയന്‍ നേതാക്കളും കമ്പനി പ്രതിനിധികളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് തൊഴിലാളികളുടെ ആവശ്യത്തിന് മുന്നില്‍ കമ്പനി പൂര്‍ണമായും വഴങ്ങിയത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൂന്നാറില്‍ തൊഴിലാളികള്‍ക്കൊപ്പം ഇരുന്നതോടെ എത്രയും വേഗം ഒത്തുതീര്‍പ്പുണ്ടാക്കുകയെന്ന സമ്മര്‍ദത്തിലേക്ക് സര്‍ക്കാരും കമ്പനിയും അകപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രി നേരിട്ടെത്തി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിനുള്ള മാര്‍ഗം കണ്ടെത്തിയത്.

ധാരണയനുസരിച്ച് 20 ശതമാനം തുക ബോണസും എക്‌സ്‌ഗ്രേഷ്യയുമായി ഇത്തവണ തൊഴിലാളികള്‍ക്ക് ലഭിക്കും. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്‌സ്‌ഗ്രേഷ്യയുമാണ് ലഭിക്കുക. കഴിഞ്ഞ തവണ ലഭിച്ച 19 ലഭിച്ച ബോണ്‍സ് ഇത്തവണ 20 ശതമാനം ലഭിക്കണമെന്നായിരുന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ഇത് ഫലത്തില്‍ പൂര്‍ണമായും അംഗീകരിച്ചു. ബോണസ് ഇത്തവണ 10 ശതമാനമായി കുറച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ നേതൃത്വത്തെ അവഗണിച്ച് സമരരംഗത്ത് ഇറങ്ങിയത്.
ശമ്പള വര്‍ധനയുടെ കാര്യത്തില്‍ ഈ മാസം 26ന് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തും. 500 രൂപയായി വേതനം വര്‍ധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇന്ന് നടന്ന ചര്‍ച്ചയിലും തൊഴിലാളികള്‍ ഇതില്‍ ഉറച്ചു നിന്നു. ഇതേ തുടര്‍ന്നാണ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ ധാരണയായത്. വേതന വര്‍ധന നല്‍കുന്നകാര്യത്തില്‍ മാനേജുമെന്റും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

ബോണസ് വേണമെന്ന ആവശ്യം അംഗീകരിക്കുകയും വേതന വര്‍ധന തുടര്‍ ചര്‍ച്ച നടത്താമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഒമ്പത് ദിവസമായി നടത്തുന്ന സമരം അവസാനിപ്പിച്ചതായി തൊഴിലാളികള്‍ അറിയിച്ചു. ചര്‍ച്ചയുടെ വിവരങ്ങള്‍ വന്നതോടെ തൊഴിലാളികള്‍ ആഹ്ലാദാരവം നടത്തി.

എറണാകുളം ഗസ്റ്റ് ഗൗസിലായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാരത്തണ്‍ ചര്‍ച്ച നടന്നത്. രാവിലെ പതിനൊന്നു മണിമുതല്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര വേദിയില്‍ തൊഴിലാളികള്‍ക്കൊപ്പവുമിരുന്നു. സമര വേദിയിലെത്തിയ മന്ത്രി പികെ ജയലക്ഷ്മിയെയും തൊഴിലാളികള്‍ സമര മുഖത്ത് പിടിച്ചിരുത്തു. ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനമങ്ങള്‍ മുഖ്യമന്ത്രി, മന്ത്രി ജയലക്ഷ്മിയെയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെയും അറിയിച്ചു.

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സമരവീര്യം പകര്‍ന്ന് വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തിയത്. തൊഴിലാളികളുടെ പേരെഴുതിവെച്ച് ടാറ്റയുടെ പിണിയാളുകള്‍ നടത്തുന്ന തട്ടിപ്പു കമ്പനിയാണ് കണ്ണന്‍ദേവന്‍ കമ്പനിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. കണ്ണന്‍ദേവന്‍ കമ്പനിയെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണം. സര്‍ക്കാരും കമ്പനിയും തീരുമാനമെടുക്കുന്നത് വരെ സമരക്കാര്‍ക്കൊപ്പം ഇരിക്കുമെന്ന് വിഎസ് പറഞ്ഞതോടെ സമരത്തിന് ആവേശം കൂടി.

സമരത്തിന് ഐക്യദാര്‍ഢ്യവുമായി മൂന്നാറിലെത്തിയ മന്ത്രി പികെ ജയലക്ഷ്മിക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. മന്ത്രി സംസാരിക്കുമ്പോള്‍ തൊഴിലാളികളില്‍ ചിലര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സര്‍ക്കാര്‍ തൊഴിലാളികള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രി സമരവേദി വിടരുതെന്നും തീരുമാനമായതിന് ശേഷം പോയാല്‍ മതിയെന്നും സമരക്കാര്‍ പറഞ്ഞു. ഒടുവില്‍ സമരക്കാരുടെ ആവശ്യത്തിന് വഴങ്ങി സമരവേദിയില്‍ വിഎസിനൊപ്പം മന്ത്രിയും കുത്തിയിരിക്കുകയായിരുന്നു

സമരപന്തലിലെത്തിയ വിഎസ് തൊഴിലാളികളുടെ ആവശ്യങ്ങളില്‍ തീരുമാനമാകുന്നത് വരെ സമരത്തിനിരിക്കുമെന്ന് അറിയിച്ചു. സമരപന്തലില്‍ ആവേശത്തോടെയാണ് തൊഴിലാളികള്‍ വിഎസിനെ എതിരേറ്റത്. തൊഴിലാളികളെ തമിഴില്‍ അഭിസംബോധന ചെയ്താണ് വിഎസ് തന്റെ പ്രസംഗം തുടങ്ങിയത്. ഏകപക്ഷീയമായി വെട്ടിക്കുറച്ച ബോണസ് പുനസ്ഥാപിക്കണം. ദിവസക്കൂലി വര്‍ധിപ്പിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ബോണസ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 98 ശതമാനവും തൊഴിലാളികളുടേതാണെന്നാണ് കമ്പനി മാനേജര്‍ പറയുന്നത്. എന്നാല്‍ തൊഴിലാളികളുടെ പേരില്‍ ടാറ്റയുടെ പിണിയാളുകള്‍ നടത്തുന്ന തട്ടിപ്പുകമ്പനിയാണിത്. യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ചാണ് കമ്പനിയുടെ ലാഭനഷ്ടം കണക്കാക്കുന്നത്. കണ്ണന്‍ദേവന്‍ കമ്പനിയെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ച് കയ്യേറ്റം പ്രോത്സാഹിപ്പിച്ചെന്നും വിഎസ് ആരോപിച്ചു. ആയിരക്കണക്കിന് തൊഴിലാളികള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് മഞ്ഞും വെയിലും കൊണ്ട് സമരം നടത്തുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നത് വരെ മൂന്നാറില്‍ തുടരുമെന്നും വിഎസ് പ്രഖ്യാപിച്ചു. നിരാഹാരമിരിക്കുന്ന പാര്‍ട്ടിക്കാരന്‍ രാജേന്ദ്രനെ കാണാനല്ല തൊഴിലാളികളെ കാണാനാണ് പോകുന്നതെന്ന് രാവിലെ വിഎസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമരം അവസാനിച്ച് മടങ്ങുന്നതിനിടയില്‍ വിഎസ്, എസ് രാജേന്ദ്രനെയും സന്ദര്‍ശിച്ചു.

സമരം തുടങ്ങി ഇത്രയും ദിവസം പിന്നിട്ടിട്ടും യാതൊരു രാഷ്ട്രീയക്കാരെയും, ട്രേഡ് യൂണിയന്‍ നേതാക്കളെയും സംഭവസ്ഥലത്തേക്ക് ക്ഷണിക്കാത്ത സമരക്കാര്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ മാത്രമാണ് മൂന്നാറിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിക്കണമെന്ന ആവശ്യവുമായി മന്ത്രി ഷിബു ബേബിജോണും രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി പ്രതിപക്ഷനേതാവിനെ മാധ്യസ്ഥനായി തേടിയത്.

സിപിഐഎമ്മിനെ ഭള്ള് പറയുന്ന തൊഴില്‍മന്ത്രി സ്വന്തം ചുമതല ആദ്യം നിര്‍വഹിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മൂന്നാറിലെ തൊഴിലാളികളുടെ ദുരിതം അറിയാത്ത മന്ത്രി ആ കസേരയിലിരിക്കാന്‍ യോഗ്യനല്ല. മൂന്നാറിലെ കമ്പനിയുടെ വക്താവായി മന്ത്രി നിലകൊള്ളുകയാണ്. ബേബി ജോണിന്റെ മകന് ഈ നിലപാട് ഭൂഷണമല്ലെന്നും വി.എസ് പറഞ്ഞു. മൂന്നാര്‍ സമരത്തില്‍ വികാരം ആളിക്കത്തിക്കാനല്ല, പ്രശ്‌നം പരിഹരിക്കാനാണ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന ഷിബുബേബി ജോണിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വിഎസ്.

സമരവേദിയിലെത്തിയ കോണ്‍ഗ്രസ് വനിതാനേതാക്കള്‍ക്കു നേരെയും തോട്ടം തൊഴിലാളികളുടെ പ്രതിഷേധമുണ്ടായി. സമരക്കാര്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റു പോകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ബിന്ദു കൃഷ്ണ, ലതിക സുഭാഷ് എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധം. ആര്‍എംപി നേതാവ് കെ.കെ. രമയ്ക്ക് നേരെയും പ്രതിഷേധമുണ്ടായിരുന്നു.

രാഷ്ട്രീയക്കാര്‍ ആരുംതന്നെ സമരസ്ഥലത്തേക്ക് വരേണ്ടെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിട്ടും സമരത്തില്‍ കളംപിടിക്കാനുള്ള മത്സരത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും ഒരുപോലെ ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം സമരസ്ഥലത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, നേതാക്കളായ പി.കെ. ശ്രീമതി, കെ.കെ.ശൈലജ എന്നിവരെത്തുകയും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്നും തുടര്‍ന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടിയേരി വിഎസിന് മുന്നേ എത്തിയതും.

പ്രശ്‌നം കൈവിടുമെന്നായപ്പോള്‍ പരിഹരിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെയെ രംഗത്തിറങ്ങിയിരുന്നു. ആവശ്യമുണ്ടെങ്കില്‍ താന്‍ നേരിട്ട് ഇടപെടുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും പറഞ്ഞു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിനെയും ഷിബു ബേബി ജോണിനെയും ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയ മുഖ്യമന്ത്രി സമര സമിതി നേതാക്കളുമായി നടത്തിയിരുന്നു

© 2024 Live Kerala News. All Rights Reserved.