പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം: പിന്തുണയുമായി ചലച്ചിത്ര നിര

 

പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ റിലേ നിരാഹാരസമരം ആരംഭിച്ചതിന് പിന്നാലെ സമരത്തിന് പിന്തുണയുമായി സിനിമാ രംഗത്തെ തലമുതിര്‍ന്ന പ്രതിഭകള്‍. എഫ്ടിഐഐയുടെ അമരക്കാരനായി സര്‍ക്കാര്‍ നിയമിച്ച ഗജേന്ദ്ര ചൗഹാനെ തല്‍സ്ഥാനത്ത്‌നിന്ന് നീക്കണമെന്ന് സിനിമാ രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്‍, വിദ്യാ ബാലന്‍ തുടങ്ങി 190 ആളുകള്‍ ഒപ്പിട്ട നിവേദനമാണ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുതിര്‍ന്ന വ്യക്തിത്വങ്ങളായ അടൂര്‍ ഗോപാലകൃഷ്ണന്‍, ദിബാകര്‍ ബാനര്‍ജി, ഹന്‍സല്‍ മെഹ്ത തുടങ്ങിയ ആളുകള്‍ സമരത്തിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി. മുംബൈയിലായിരുന്നു ഇവരുടെ വാര്‍ത്താ സമ്മേളനം. എന്തുകൊണ്ടാണ് എഫ്ടിഐഐ സമരത്തിന് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്ന വിശദീകരണത്തോടെയായിരുന്നു ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

ഗജേന്ദ്ര ചൗഹാനെ എഫ്ടിഐഐയുടെ ചുമതലയില്‍നിന്ന് മാറ്റണമെന്ന് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, വാര്‍ത്താ പ്രക്ഷേപണ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃണന്‍ പറഞ്ഞു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ളൊരു സ്ഥാപനം സിനിമാ മേഖലയില്‍നിന്നുള്ള വിഖ്യാതരായ ആളുകള്‍ നേതൃത്വം കൊടുക്കേണ്ടത് പ്രധാനമാണെന്ന് അടൂര്‍ പറഞ്ഞു. ഇപ്പോള്‍ നിയമിതനായിരിക്കുന്ന ആള്‍ക്ക് സ്ഥാപനത്തിലെ റോള്‍ എന്താണെന്ന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വ്യക്തിയാണെന്നും അടൂര്‍ കുറ്റപ്പെടുത്തി.

എന്തുകൊണ്ടാണ് ബോളിവുഡില്‍നിന്ന് എഫ്ടിഐഐ സമരത്തിന് അകമഴിഞ്ഞ പിന്തുണ ലഭിക്കാത്തത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കിയത് ദിബാകര്‍ ബാനര്‍ജിയായിരുന്നു. ബോളിവുഡില്‍നിന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ടെന്നും കൂടുതല്‍ ആളുകളോട് സമരത്തില്‍ പങ്കുചേരാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നതായും ദിബാകര്‍ ബാനര്‍ജി പറഞ്ഞു. ബോളിവുഡ് നിര്‍മ്മാതാക്കളും വിതരണക്കാരും അവര്‍ പിന്നീട് ടാര്‍ഗറ്റ് ചെയ്യപ്പെടുമെന്ന ഭയം കൊണ്ടാണെന്നും ദിബാകര്‍ ബാനര്‍ജി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.