തെരുവു നായയുടെ കടിയേറ്റ മുന്നു വയസ്സുക്കാരന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

കൊച്ചി: കോതമംഗലത്ത് തെരുവ് നായയുടെ കടിയേറ്റ മൂന്നു വയസുകാരന്‍ ദേവാനന്ദിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്ന് നടന്‍ മമ്മൂട്ടിയും അറിയിച്ചിട്ടുണ്ട്. അതേസമയം കുട്ടിയെ തെരുവ് നായ് കടിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ള ദേവാനന്ദിനെ ഇന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. കുട്ടിയുടെ കണ്ണിനും മുഖത്തുമുള്ള പരിക്കു ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രണ്ടു കണ്ണുകളുടേയും കണ്‍പോളകള്‍ക്ക് സാരമായ പരിക്കേറ്റിറ്റുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്നലെയാണ് വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന തൃക്കാരിയൂര്‍ ആമല അമ്പോലിക്കാവിന് സമീപം തൃക്കാരുകുടിയില്‍ രവിയുടെയും അമ്പിളിയുടെയും മകന്‍ ദേവാനന്ദിന് (അമ്പാടി3) തെരുവ് നായയയുടെ കടിയേറ്റത്. കുഞ്ഞിന് ചോെറടുക്കാന്‍ അമ്പിളി അടുക്കളയിലേക്ക് പോയ സെക്കന്‍ഡുകള്‍ക്കിടയിലായിരുന്നു നായയുടെ ആക്രമണം .

വരാന്തയില്‍ നിന്ന് നായ കുട്ടിയെ കടിച്ചുവലിച്ച് മുറ്റത്തേക്കിട്ട് കടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നായയുടെ കടിയും മാന്തും ഏറ്റിരുന്നു.
ഓടിക്കൂടിയ സമീപവാസികള്‍ ചേര്‍ന്ന് കുട്ടിയെ ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ രണ്ട് കണ്ണിനും ചുണ്ടിനും കഴുത്തിന് പിന്‍ഭാഗത്തും കടിയേറ്റ് ആഴത്തിലുള്ള മുറിവ് പറ്റിയിട്ടുണ്ട്. കൈകാലുകളിലും പരിക്കുണ്ട്. ഇടത് കണ്ണിന്റെ മേല്‍പോളയും വലത് കണ്ണിന്റെ താഴത്തെ പോളയും കടിയേറ്റ് അടര്‍ന്നുതൂങ്ങി അറ്റുപോവാറായ നിലയിലാണെന്ന് രവി പറഞ്ഞു.
കോതമംഗലത്തെ ആശുപത്രിയില്‍ പ്രഥമ ശ്രുശ്രൂഷ നല്‍കി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കണ്ണിന് സാരമായ മുറിവുണ്ടെന്ന് കണ്ടെത്തി. വാക്‌സിനേഷന്‍ നല്‍കി അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആസ്പത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.