64 ന്റെ നിറവില്‍ മമ്മൂട്ടി: ആശംസയുമായി സിനിമാ ലോകം

കൊച്ചി: വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി. അഭിനയരംഗത്ത് കൂടെ വന്നവരും, പിന്നാലെ വന്നവരും കാലം വീഴ്ത്തിയ ചുളിവുകളുമായി തിരശീലയ്ക്ക് പിന്നിലായിട്ടും ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക. വര്‍ഷങ്ങള്‍ കഴിയും തോറും ആ സൗന്ദര്യം കൂടി വരികയാണൊ? ഇദ്ദേഹം എങ്ങനെ ഇതു കാത്തു സൂക്ഷിക്കുന്നു ? ഇങ്ങനെയൊര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് ഒരിക്കലെങ്കിലും ഒരു സാദാ മലയാളി.മലയാളത്തിന്റെ മെഗാസ്്റ്റാര്‍ മമ്മൂട്ടി 64ാം പിറന്നാള്‍ നിറവില്‍. പിറന്നാള്‍ ദിനത്തില്‍ സിനിമാലോകത്തെ ഒട്ടുമിക്ക പേരും മമ്മൂട്ടിയ്ക്ക് ആംശയുമായി എത്തിയിട്ടുണ്ട്. മമ്മൂക്കയ്ക്ക് ഭാവി ജീവിതത്തില്‍ ആയുരാരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിട്ടുള്ളത്. മമ്മൂട്ടിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രവും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Mohanlal_Mammootty

മമ്മൂട്ടിയ്ക്ക് ആശംസയുമായി മകന്‍ ദുല്‍ഖര്‍ സല്‍മാനും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഹാപ്പി ബേര്‍ത്ത് ഡേ വാപ്പച്ചീ, എന്റെ മെഗാസ്റ്റാര്‍, എന്റെ ഹീറോ, എന്റെ ബെസ്റ്റ് ബഡ്ഡി… ബാക്കിയുള്ളതൊക്കെ പേഴ്‌സണലായി തന്നെ ഇരിക്കട്ടെ’ എന്ന് പറഞ്ഞാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ. അതിനോടൊപ്പം ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട്. ഈ പോസ്റ്റ് രണ്ടായിരത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്.

46 കൊല്ലം. 380ഓളം ചിത്രങ്ങള്‍. പ്രേം നസീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നായകവേഷം കൈകാര്യം ചെയ്ത നടന്‍. ഏറ്റവുമധികം സിനിമകളില്‍ ഇരട്ട വേഷങ്ങള്‍ ചെയ്ത നടന്‍. മൂന്ന് ദേശീയ അവാര്‍ഡുകള്‍, പത്മശ്രീ, അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍, മറ്റനവധി പുരസ്‌ക്കാരങ്ങള്‍. വിശേഷണങ്ങള്‍ അനവധിയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ കേമനാരെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാമെങ്കിലും സൗന്ദര്യത്തില്‍ മമ്മൂക്കയെ കവച്ചു വയ്ക്കാന്‍ ഇനിയൊരാള്‍ ജനിക്കണമെന്ന് ആരാധകരും പ്രേക്ഷകരും ഒരു പോലെ പറയും. മലയാള സിനിമയുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി അദ്ദേഹം ജൈത്രയാത്ര തുടരുന്നു. ഒപ്പം ആശംസകളും പ്രാര്‍ഥനകളും.

© 2024 Live Kerala News. All Rights Reserved.