ഐലാന്റെ കണ്ണിലെ തിളക്കം മങ്ങിയില്ല:അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ജര്‍മ്മനിയും ഓസ്‌ട്രേലിയയും

മ്യൂണിക്/വിയന്ന: ഐലാന്‍ കടലില്‍ അലിഞ്ഞു ചേര്‍ന്നെങ്കിലും അപ്പോഴും ഐലാന്റെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. ഒടുവില്‍ ഐലാന്റെ കണ്ണുകളിലെ തിളക്കമാണ് അഭിയാര്‍ഥികള്‍ക്ക് വെളിച്ചമേകിയതും. ജര്‍മ്മനിയും ഓസ്ട്രിയയും രാജ്യാതിര്‍ത്തികള്‍ തുറന്ന് അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായി. ആഴ്ചകളായി അഭയമില്ലാതെ അലഞ്ഞു നടന്നവരാണ് ഒടുവില്‍ ആശ്വാസ തീരത്തെത്തിയത്.

ജന്മാട്ടില്‍ നിന്നു പലായനം ചെയ്യേണ്ടി വന്ന ആയിരങ്ങള്‍ അങ്ങനെ ‘വാഗ്ദത്ത നാട്ട’ില്‍ കാല്‍ചവുട്ടി. കല്ലുംമുള്ളും താണ്ടി രക്ഷ തേടി ദിവസങ്ങളോളം നടന്നുവന്നവര്‍ക്ക് ഹംഗറിയിലെത്തിയിട്ടും അവിടെയും നേരിടേണ്ടിവന്നത് ദുരിതമായിരുന്നു. ഹംഗറിയില്‍ വഴിയരികിലും ബസ്സുകളിലുമായി ദിവസങ്ങളോളം കഴിയേണ്ടിവന്നത് ആയിരങ്ങള്‍ക്കാണ്.

21646_726770
എല്ലാത്തിനുമൊടുവില്‍ അഭയാര്‍ഥി പ്രവാഹത്തിന്റെ ദുരന്തമുഖം പുറത്തുകൊണ്ടുവന്ന ഐലാന്റെ ചിത്രം ജനശ്രദ്ധയില്‍ വന്നതോടെ മധ്യധരണ്യാഴിയെ അഭയാര്‍ഥികളുടെ ശവപ്പെട്ടിയാക്കുന്നതിനെതിരെ ജനരോഷം അണപൊട്ടി. അതോടെ തടഞ്ഞുവച്ചവര്‍ക്ക് രാജ്യം വിടാന്‍ ഹംഗറി അനുമതി നല്‍കി.

കഴിഞ്ഞദിവസംവരെ ഓസ്ട്രിയയിലേക്ക് പോകാനൊരുങ്ങിയ അഭയാര്‍ഥികളെ തടയുകയായിരുന്നു ഹംഗറിയിലെ സര്‍ക്കാര്‍. തീവണ്ടി ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് അതിര്‍ത്തി കടക്കുന്നതില്‍നിന്ന് അഭയാര്‍ഥികളെ വിലക്കിയിരുന്നു.

എന്നാല്‍, വിലക്കുലംഘിച്ച് ഒട്ടേറെപ്പേര്‍ കാല്‍നടയായി ഓസ്ട്രിയയിലേക്ക് പോയി. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ശനിയാഴ്ച അഭയാര്‍ഥികള്‍ക്കായി ബസ് അനുവദിച്ചത്. ഓസ്ട്രിയയിലെത്തിയവരില്‍ ഏറെപ്പേരും ജര്‍മനി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

സിറിയയില്‍ നിന്ന് മാത്രം തുര്‍ക്കി വഴി 10,000 ത്തോളം പേരെത്തുമെന്നാണ് ഓസ്ട്രിയയുടെ കണക്കുകൂട്ടല്‍.

രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് ഓസ്ട്രിയയും ജര്‍മ്മനിയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായത്. ഹംഗറിയില്‍ നിന്നും 10,000 ത്തോളം അഭയാര്‍ഥികള്‍ ഓസ്ട്രിയയിലെത്തി. കാല്‍നടയായി ഹംഗറിയിലെത്തിയ ഇവരെ ഓസ്ട്രിയന്‍ അതിര്‍ത്തിവരെ ബസ്സിലാണ് അധികാരികള്‍ എത്തിച്ചത്. ഇപ്പോഴും അഭയാര്‍ഥികള്‍ ഓസ്ട്രിയ ലക്ഷ്യമാക്കിയുള്ള കാല്‍നടയാത്രയിലാണ്.

21646_726773

ഓസ്ട്രിയന്‍ അതിര്‍ത്തിയിലെത്തിയവരില്‍ ഏറിയ പങ്കും സിറിയയില്‍ നിന്നുള്ളവരാണ്. ട്രെയിനുകളിലും ബസ്സുകളിലുമായാണ് ഇവരെ ഓസ്ട്രിയ രാജ്യത്തേക്ക് എത്തിച്ചത്. നാലായിരം പേരെ തലസ്ഥാനമായ വിയന്നയിലെത്തിച്ചു. ഓസ്ട്രയയില്‍ തങ്ങണമെന്നുള്ളവര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഹംഗറി കടന്നെത്തിയവരില്‍ ജര്‍മ്മനിയിലേക്ക് പോകണമെന്നുള്ളവരെ ട്രെയിനില്‍ കൊണ്ടുപോകും. അഭയാര്‍ഥികളില്‍ ഭൂരിപക്ഷവും സുരക്ഷിതഭാവിയെന്ന നിലയില്‍ ജര്‍മ്മനിയിലേക്ക് പോകാനാണ് താത്പര്യപ്പെടുന്നത്. ആദ്യഘട്ടമായി 500 പേരെ വിയന്നയില്‍ നിന്ന് മ്യൂണിക്കിലെത്തിച്ചു.

അഭയാര്‍ഥികളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തോളമായി ഉയരുമെന്നും ജര്‍മ്മനി കണക്കുകൂട്ടുന്നു. എട്ട് ലക്ഷം പുതിയ താമസക്കാരെയാണ് ജര്‍മ്മനി പുതുതായി പ്രതീക്ഷിക്കുന്നത്.
ഇപ്പോഴും അഭയാര്‍ഥികളുടെ ഒഴുക്ക് തുടരുകയാണ്. അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായതോടെ അതിര്‍ത്തികളില്ലാതിരുന്ന യൂറോപ്യന്‍രാജ്യങ്ങള്‍ മുള്ളുവേലികെട്ടി അതിര്‍ത്തിതിരിച്ചു.

അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ ജര്‍മ്മനിയും ഓസ്ട്രിയയും അനുകൂലിച്ചെങ്കിലും സ്ലൊവാക്യ, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോഴും അനുകൂലമല്ല.

21646_726774

ആഴ്ചാവസാനത്തോടെ 6000 അഭയാര്‍ഥികളെങ്കിലും എത്തുമെന്നാണ് ജര്‍മനി പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം എട്ടുലക്ഷം അഭയാര്‍ഥികളെങ്കിലും ജര്‍മനിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ പേര്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍നിന്ന് കാല്‍നടയായി ഓസ്ട്രിയയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തെത്തിയവര്‍ക്ക് അഭയാര്‍ഥികളാവാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കുകയോ ജര്‍മനിയിലേക്ക് പോകുകയോ ചെയ്യാമെന്ന് ഓസ്ട്രിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ യൂറോപ്പിലേക്ക് കുടിയേറുന്നത് ഹംഗറിവഴിയാണ്. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഫിന്‍ലന്‍ഡും അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.