ഗൂഗിളിനെതിരെ പിഴയിടാന്‍ ഇന്ത്യ ഒരുങ്ങുന്നു

 

ഗൂഗിളിനെതിരെ നിയമനടപടിക്ക് ഇന്ത്യ ഒരുങ്ങുന്നു. ഗൂഗിളിന്റെ തെരച്ചില്‍ ഫലങ്ങള്‍ക്കിടയിലെ കള്ളത്തരങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യന്‍ കോംപറ്റീഷന്‍ കമ്മീഷന്റെ നിരീക്ഷണത്തിലാണ്. തിന്മയുടെ ഭാഗമാകരുതെന്ന മന്ത്രവുമായെത്തിയ ഗൂഗിളിനെതിരെ ഒട്ടനവധി ചാര്‍ജുകളാണ് സിസിഐ കമ്മിറ്റിയുടെ മുന്നിലുള്ളത്.

ഇന്ത്യയുടെ പ്രബലമായ വിപണി നിലയെ ഗൂഗിള്‍ നിന്ദിച്ചു.തെരച്ചില്‍ ഫലങ്ങളേക്കാള്‍ പ്രാമുഖ്യത്തോടെ ഗുഗിളിന്റെ പരസ്യങ്ങളും സ്‌പോണ്‍സേര്‍ഡ് പരസ്യങ്ങളും, പെയ്ഡ് വാര്‍ത്തകളും നല്‍കുന്നുവെന്നതാണ് മറ്റൊരു പ്രധാന ആരോപണം. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ 140 കോടി യുഎസ് ഡോളര്‍ ഗൂഗിളിന് പിഴയിടാന്‍ ഇന്ത്യക്ക് സാധിക്കും.(ഏതാണ്ട് 9267 കോടി ഇന്ത്യന്‍ രൂപ). അങ്ങനെയെങ്കില്‍ ഗൂഗിളിന്റെ ദുര്‍നടത്തിപ്പിന് എതിരെ ലോകത്തില്‍ ആദ്യമായി പിഴയിടുന്ന രാജ്യമായി ഇന്ത്യ മാറും.ഗൂഗിളിന്റെ ഒരു വര്‍ഷത്തെ വരുമാനത്തിന്റെ 10 ശതമാനത്തോളം വരും പിഴതുക.

ഭാരത് മാട്രിമോണി, ഫേസ് ബുക്ക്, മൈക്രോസോഫ്റ്റ്, ഫ്‌ലിപ്കാര്‍ട്ട് എന്നിവയുടെ വാദങ്ങളും സിസിഐയുടെ കണ്ടെത്തലുകള്‍ക്ക് പിന്‍ബലം നല്‍കുന്നു. ഈ വാദങ്ങള്‍ ലോകവ്യാപകമായുള്ള ചിന്താഗതിയുടെ പ്രതിഫലനമല്ലെന്നാണ് ഗൂഗിളിന്റെ മറുവാദം

ഇതാദ്യമായല്ല ഗൂഗിളിനെതിരെ ആരോപണം ഉയരുന്നത്. യുഎസ്, ബ്രസീല്‍, ജര്‍മ്മനി, ഈജിപ്ത് എന്നിവിടങ്ങളില്‍ ഗൂഗിളിനെതിരെ കേസുകളുണ്ട്. എല്ലാ കേസുകളും ഗൂഗിള്‍ വിജയിക്കുകയാണ് ഉണ്ടായത്. യൂറോപ്യന്‍ യൂണിയനിലും ഗൂഗിളിനെതിരെ വിശ്വാസ ലംഘനത്തിന് കേസ് നടക്കുന്നുണ്ട്.

ഗൂഗിളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം സിസിഐയുടെ ഡയറക്ടര്‍ ജനറല്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി പ്രതിപാദിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുതിയതായി പുറത്തു വന്നതാണെങ്കിലും ഗൂഗിളിനെതിരായ പരാതി 3 വര്‍ഷമായി സിസിഐയുടെ മുന്നിലുള്ളതാണ്. ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത് ഭാരത് മാട്രിമോണിയും. കണ്‍സ്യൂമര്‍ യൂണിറ്ററിയുമാണ്. എന്നാല്‍ കേസിനോട് ഗൂഗിള്‍ കൃത്യമായി പ്രതികരിച്ചില്ല. അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടര്‍ന്ന് 2014ല്‍ സിസിഐ ഗൂഗിളിന് ഒരു കോടി രൂപ പിഴ വിധിച്ചു.

സിസിഐയുടെ ഡയറക്ടര്‍ ജനറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ കേസിനെ കുറിച്ചും അന്വേഷണത്തെ കുറിച്ച് പഠിച്ചുവരികയാണെന്ന് ഗൂഗിള്‍ വക്താവ് പ്രതികരിച്ചു. ഇന്ത്യയുടെ നിയമങ്ങളെ മാനിച്ച് കൊണ്ടുള്ള നടപടിയാവും ഉണ്ടാവുകയെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ച് പ്രതികരിക്കാന്‍ സെപ്തംബര്‍ 10 വരെ ഗൂഗിളിന് സമയമുണ്ട്. അതിന് ശേഷം ഗൂഗിളും പരാതിക്കാരും സിസിഐ ചെയര്‍മാന്‍ അശോക് ചൗള അധ്യക്ഷനായ ഏഴംഗ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം. വിചാരണയും വാദവുമെല്ലാം വളരെ നീണ്ട നടപടികളാണെന്ന് അശോക് ചൗള വ്യക്തമാക്കി. സിസിഐ കമ്മിറ്റിക്ക് ഡയറക്ടര്‍ ജനറലുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനും തിരസ്‌കരിക്കാനുമുള്ള അധികാരമുണ്ടെന്നും അശോക് ചൗള അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.