കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി നിയമനത്തെ ചൊല്ലി ലീഗില്‍ പിടിവലി… രണ്ടു ഡസനിലേറെ അപേക്ഷകള്‍..

തിരുവനന്തപുരം: മുസ്ലിംലീഗിന് നീക്കി വച്ചിട്ടുള്ള കാലിക്കറ്റ് സർവകലാശാല വി.സി സ്ഥാനത്തേക്ക് പാർട്ടി രാഷ്‌ട്രീയത്തെ വെല്ലുന്ന കരുനീക്കങ്ങളുമായി രണ്ടു ഡസനിലേറെ പേർ മത്സരിക്കുന്നു. തർക്കം മൂത്തപ്പോൾ പാർട്ടി പ്രതിനിധിയെ കണ്ടെത്താൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ് എന്നിവരടങ്ങിയ ഉന്നതസമിതിയെ നിയോഗിച്ചെങ്കിലും സമിതിക്ക് യോഗം ചേരാനായിട്ടില്ല. രാഷ്ട്രീയ സമവായമാകാത്തതിനാൽ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അദ്ധ്യക്ഷതയിലുള്ള സെർച്ച്‌ കമ്മിറ്റി യോഗവും നീളുകയാണ്. ഒക്ടോബറിനകം വി.സിയെ തിരഞ്ഞെടുത്തില്ലെങ്കിൽ ഗവർണർ പി. സദാശിവം സ്വന്തം നിലയിൽ നിയമന നടപടി തുടങ്ങും.

എം.ജി പി.വി.സി ഡോ. ഷീനാ ഷുക്കൂറിനായി കുഞ്ഞാലിക്കുട്ടി വിഭാഗവും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർസെക്രട്ടറി ഡോ. പി. അൻവറിനായി കെ.പി.എ. മജീദ് വിഭാഗവും രംഗത്തുണ്ട്. കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ. മുഹമ്മദ് ബഷീർ, കല്ലിക്കണ്ടി എൻ.എ.എം കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. മുസ്തഫ, വെള്ളായണി കാർഷിക കോളേജിലെ ഡോ. എ. നസീമ, കണ്ണൂർ സർവകലാശാലയിലെ കെ.എം. അബ്ദുറഷീദ് എന്നിവരും പരിഗണനയിലുണ്ട്.
ഒത്തുതീർപ്പ് സ്ഥാനാർത്ഥികളായി ഡൽഹി ജെ.എൻ.യുവിലെ ഇന്റർനാഷണൽ റിലേഷൻസ് പ്രൊഫസർ എ.കെ. രാമകൃഷ്‌ണനെയും കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ ജോൺമത്തായി സെന്റർ ഡയറക്ടർ ഡി. രത്നരാജിനെയും പരിഗണിക്കുന്നുണ്ട്. പ്രൊഫസറായി പത്തുവർഷത്തെ പരിചയം വേണമെന്ന യു.ജി.സി മാനദണ്ഡം ഇരുവർക്കും ഉണ്ട്.
ഈ മാനദണ്ഡം പാലിക്കുന്നവരെ മാത്രമേ വി.സിയായി നിയമിക്കാവൂ എന്ന് യു.ജി.സി ചെയർമാൻ ഗവർണർക്കും മുഖ്യമന്ത്രിക്കും കത്തയച്ചതാണ് ലീഗിനെ കുഴക്കിയത്. ഭോപ്പാലിലെ നാഷണൽ ജുഡിഷ്യൽ അക്കാഡമിയിൽ അസിസ്റ്റന്റ്  പ്രൊഫസറാണ് ഷീനാ ഷുക്കൂർ. ലീഗിന്റെ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗമായ ഷീനയെ പിന്നീട് എം.ജി പി.വി.സിയാക്കുകയായിരുന്നു.
മമ്പാട് എം.ഇ.എസ് കോളേജിൽ ഇക്കണോമിക്‌സ് അസോസിയേറ്റ് പ്രൊഫസറായ പി. അൻവർ മമ്പാട് പഞ്ചായത്തിൽ ലീഗ് അംഗമായിരുന്നു.
മലപ്പുറം അരീക്കോട് എസ്.എസ് കോളേജ് പ്രിൻസിപ്പലായ കെ. മുഹമ്മദ് ബഷീറും പ്രൊഫസറല്ല. യു.ജി.സി മാനദണ്ഡമില്ലാത്തവരെ ഗവർണർ പരിഗണിക്കില്ലെന്ന് മുൻകൂട്ടി കണ്ടാണ് ദളിത് വിഭാഗക്കാരായ പ്രൊഫസർമാരെ കണ്ടെത്താനുള്ള ശ്രമം.

തർക്കം തീർക്കും:  ഇ.ടി
പത്തിലേറെ പേർ വി.സിയാകാൻ രംഗത്തുണ്ട്. കേരളത്തിൽ നിന്നുള്ളവർക്കാണ് മുൻഗണന. ഏഴിന് ലീഗ് ദേശീയ എക്സിക്യൂട്ടിവിന് ശേഷം പാർട്ടി പ്രതിനിധിയെ തീരുമാനിക്കും.

ചെലവ് കോടികൾ
വി.സിക്ക് പ്രതിവർഷം കാൽ കോടിയിലേറെ രൂപയാണ് സർക്കാർ ചെലവിടുന്നത്. 75,000 രൂപയാണ് വി.സിയുടെ അടിസ്ഥാന ശമ്പളം. കേന്ദ്രനിരക്കിൽ 100 ശതമാനം ഡി.എ ലഭിക്കും. 5000 രൂപ സ്‌പെഷ്യൽ പേയായി ലഭിക്കും. കാൽലക്ഷത്തിലേറെ രൂപ അലവൻസുകളായി ലഭിക്കും. പുറമേ കാർ, സ്റ്റാഫ്, അത്യാധുനിക വസതി എന്നിവയുമുണ്ട്.

 

Courtesy:Keralakoumudi.com

 

© 2024 Live Kerala News. All Rights Reserved.