വിവാദങ്ങള്‍ ബാക്കിവെച്ച് എം അബ്ദുള്‍ സലാം കാലിക്കറ്റ് സര്‍വകലാശാലയുടെ പടിയിറങ്ങി

തേഞ്ഞിപ്പലം(മലപ്പുറം): കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇത്രത്തോളം വിവാദങ്ങള്‍ക്ക് കാരണക്കാരനായ വൈസ് ചാന്‍സലര്‍ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. എം.അബ്ദുള്‍ സലാമിന്റെ ഭരണകാലം അത്രത്തോളം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. ഇന്നലെ ഔദ്യോഗിക സ്ഥാനത്ത് നിന്നും അദ്ദേഹം വിടപറയുമ്പോഴും സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ തുടരുകയാണ്. ഗവര്‍ണ്ണര്‍ നിയോഗിച്ച മൂന്നംഗ സമിതി പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. നിലവില്‍ കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ.ഖാദര്‍ മങ്ങാടിനാണ് ചുമതല നല്‍കിയിരിക്കുന്നത്. അതിനിടെ തേഞ്ഞിപ്പലം സ്വദേശിയും മറ്റൊരു സര്‍വകലാശാലയില്‍ രജിസ്ട്രാറുമായ ലീഗ് അനുഭാവിയെ വിസി ആക്കാനുള്ള രാഷ്ട്രീയ നീക്കം സജീവമായിട്ടുണ്ട്. സെനറ്റ് പ്രതിനിധിയെ കൊണ്ട് ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിപ്പിക്കാനാണ് ലീഗിന്റെ തീരുമാനം. കാലിക്കറ്റ് സര്‍വകലാശാല വിഭജിക്കണമെന്ന ആവശ്യം സാധിച്ചെടുക്കണമെങ്കില്‍ ലീഗുകാരന്‍ വിസിയാകേണ്ടത് ലീഗിന് അത്യാവശ്യമാണ്. എം.അബ്ദുള്‍ സലാമിന്റെ ഭരണകാലത്ത് ലീഗിന്റെ തേര്‍വാഴ്ചയാണ് സര്‍വകലാശാലയില്‍ നടന്നത്. തേഞ്ഞിപ്പലം പഞ്ചായത്ത് അംഗം പോലും സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. ഒരു കൂട്ടം ലീഗുകാര്‍ അസിസ്റ്റന്റ് നിയമനം കച്ചവടമാക്കി മാറ്റി. സര്‍വകലാശാലയിലെ ഹോസ്റ്റല്‍ സംബന്ധിച്ച സമരമാണ് അബ്ദുള്‍ സലാമിനെ ഏറെ കുഴക്കിയ പ്രശ്‌നം. ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ സമരത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ വിസിക്ക് ദേഹോപദ്രവം പോലും ഏല്‍ക്കേണ്ടി വന്നു. ഇടതിന്റെ അക്രമത്തെ ചെറുക്കാന്‍ ലീഗ് പ്രവര്‍ത്തകരെ അണിനിരത്തി ഹരിതസേന രൂപീകരിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. സര്‍വകലാശാലയുടെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്യാന്‍ ശ്രമിച്ചതാണ് കോലാഹലങ്ങള്‍ക്ക് കാരണമായ മറ്റൊരു വിഷയം. തേഞ്ഞിപ്പലം പഞ്ചായത്തിന് ഷോപ്പിംഗ് കോപ്ലക്‌സും ബസ് സ്റ്റാന്‍ഡും നിര്‍മ്മിക്കാനെന്ന വ്യാജേനയാണ് ഭൂമി കൈമാറാന്‍ ശ്രമിച്ചത്. യുവമോര്‍ച്ച ഇതിനെതിരെ രംഗത്ത് വരികയും ബഹുജന സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. പരീക്ഷകളിലെ ക്രമക്കേടും സര്‍ട്ടിഫിക്കറ്റുകള്‍ മാറി നല്‍കലും തുടങ്ങി അക്കാദമിക് കാര്യങ്ങളിലും വീഴ്ച സംഭവിച്ചിരുന്നു. ലീഗിനും ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിനും വേണ്ടി സര്‍വകലാശാല നിയമങ്ങളും ചട്ടങ്ങളും നിരവധി തവണ മാറ്റിമറിക്കപ്പെട്ടു. സര്‍വകലാശാലയിലെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാര്‍ ഇതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. വിസി വിരമിച്ചതിന് ശേഷം സര്‍വകലാശാലയെ പഴയ രീതിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും വിസി വരുത്തിയ പരിഷ്‌കാരങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. എന്തായാലും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലീഗ് തങ്ങളുടെ തന്നെ പ്രതിനിധിയെ വിസിയായി അവരോധിക്കുമെന്നതില്‍ സംശയമില്ല. കാരണം ക്കാര്യത്തില്‍ ലീഗിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോ സിപിഎമ്മിനോ കഴിയില്ല. ഇന്നലെ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായ ഡോ.ഖാദര്‍ മങ്ങാടിന് സ്ഥാനമൊഴിയുന്ന വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം ചുമതല കൈമാറി. പ്രോ-വൈസ് ചാന്‍സലര്‍ കെ.രവീന്ദ്രനാഥ്, രജിസ്ട്രാര്‍ ഡോ.ടി.എ അബ്ദുല്‍ മജീദ്, കണ്‍ട്രോളര്‍ ഡോ.വി.വി ജോര്‍ജ്ജുകുട്ടി, ഫിനാന്‍സ് ഓഫീസര്‍ കെ.പി രാജേഷ്, സിന്റിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Courtesy: ജന്മഭൂമി

© 2024 Live Kerala News. All Rights Reserved.