ലങ്കൻ മണ്ണിൽ ഇന്ത്യക്ക് ചരിത്ര ജയം; 22 വർഷങ്ങൾക്കു ശേഷം

കൊളംബോ∙ 22 വർഷങ്ങൾക്കു ശേഷം ശ്രീലങ്കൻ മണ്ണിൽ ഇന്ത്യക്ക് ചരിത്ര ജയം. മൂന്നാം ടെസ്റ്റിൽ 386 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 268 റൺസിന് പുറത്തായി. ഇന്ത്യക്ക് 117 റൺസ് ജയം. മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1 ന് നേടി. ഇന്ത്യക്കു വേണ്ടി ആർ. അശ്വിൻ നാലും ഇശാന്ത് ശർമ മൂന്നും വിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ഇശാന്ത് ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

അവസാന ദിനമായ ഇന്ന് ചായയ്ക്കു പിരിയുമ്പോൾ ലങ്ക ആറിന് 249 റൺസ് എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസും ക്രീസിൽ ഉണ്ടായിരുന്നു. എന്നാൽ ചായയ്ക്കു ശേഷമുള്ള ആദ്യ ഓവറിൽ തന്നെ ഇശാന്ത് ശർമ, സെഞ്ചുറി നേടിയ മാത്യൂസിനെ(110) പുറത്താക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഇശാന്തിന്റെ 200-ാം വിക്കറ്റ് നേട്ടമായിരുന്നു ഇത്. പിന്നീടെത്തിയ രംഗണ ഹെറാത്തിനെ അശ്വൻ വിക്കറ്റിനു മുന്നിൽ കുടുക്കി.

അഞ്ചിന് 107 എന്ന നിലയിൽ തകർന്ന ലങ്കയെ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയും കുശാൽ പേരേരയുടെ അർധ സെഞ്ചുറിയുമാണ്(70) കരകയറ്റിയത്. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 135 റൺസ് കൂട്ടിച്ചേർത്തു. മാത്യൂസിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്.

നായകനെന്ന നിലയിൽ അരങ്ങേറിയ ആദ്യപരമ്പര തന്നെ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തോടെ കോഹ്‌ലിക്കു പ്രയാണം തുടരാം. 1993ൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഏറ്റവും ഒടുവിൽ ശ്രീലങ്കയിൽ പരമ്പര നേടിയത്.