എല്ലാ ഉഭയകക്ഷി വിഷയങ്ങളും ഉൾപ്പെടുത്താതെ ഇന്ത്യയുമായി ചർച്ചയില്ല: പാക്കിസ്​ഥാൻ

ഇ​സ്​ലാമാബാദ്∙ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള എല്ലാ വിഷയങ്ങളും അജൻഡയിൽ ഉൾപ്പെടുത്താതെ ഇന്ത്യയുമായി ചർച്ച പുനരാരംഭിക്കില്ലെന്ന് പാക്കിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ്. അതിർത്തിയിലും നിയന്ത്രണ രേഖയിലും സംഘർഷമുണ്ടെങ്കിലും പാക്ക് റേഞ്ചേഴ്സിന്റെയും ബിഎസ്എഫിന്റെയും ഡയറക്ടർ ജനറൽമാർ തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ചയേ ഉണ്ടാകൂ എന്നും സ്വകാര്യ ടിവി ചാനൽ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ മുൻ ഉപാധികൾവച്ചതുകൊണ്ടാണ് ഡൽഹിയിൽ കഴിഞ്ഞയാഴ്ച നടത്താനിരുന്ന ഉഭയകക്ഷി ചർച്ച മുടങ്ങിയതെന്നും അസീസ് പറഞ്ഞു.

കശ്മീരിലെ വിഘടനവാദി നേതാക്കളുമായി പാക്ക് പ്രതിനിധി ഡൽഹിയിൽ ചർച്ച നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനെ തുടർന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തിലുള്ള ചർച്ച പാക്കിസ്ഥാൻ റദ്ദാക്കിയത്. പ്രധാനമായും ഭീകരതയെക്കുറിച്ചു ചർച്ച നടത്താനിരിക്കെ കശ്മീർ പ്രശ്‌നം കൂടി അജൻഡയിൽ കൊണ്ടുവരാൻ പാക്കിസ്ഥാൻ ശ്രമിച്ചത് ഇന്ത്യയെ അലോസരപ്പെടുത്തിയിരുന്നു.

ഇതേസമയം, പാക്ക് അതിർത്തിക്കുള്ളിലെ ഭീകരരുടെ താവളങ്ങൾക്കെതിരായ സൈനിക നടപടി കൂടുതൽ ശക്​തിപ്പെടുത്തണമെന്നും അഫ്ഗാനിസ്ഥാനിലെ യുഎസ് സംവിധാനങ്ങൾക്കു നേരെ വൻ ആക്രമണങ്ങൾ നടത്തുന്ന ഹഖാനി ഭീകര ഗ്രൂപ്പിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും യുഎസ് പാക്കിസ്ഥാനോട് കർശനമായി ആവശ്യപ്പെട്ടു. ഇസ്​ലാമാബാദ് സന്ദർശിച്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസ് പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, കരസേനാ മേധാവി ജനറൽ റഹീൽ ഷരീഫ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.