കാസർകോട് സിപിഎം പ്രവർത്തകന്റെ കൊലപാതകം: ഒന്നാം പ്രതി പിടിയിൽ

കണ്ണൂർ∙ കാസർകോട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായക്കുന്നിലെ ശ്രീനാഥാണ് പൊലീസിന്റെ പിടിയിലായത്. കാസർകോട് രാജപുരം കാലിച്ചാനടുക്കം ആനപ്പെട്ടി ചുണ്ണംകയത്തെ സി. നാരായണനാണ് തിരുവോത്തിന്റെ അന്ന് കുത്തേറ്റു മരിച്ചത്. നാരായണനെ ആക്രമിക്കുന്നത് തടയുന്നതിനെത്തിയ സഹോദരൻ അരവിന്ദനെ അക്രമി സംഘം കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, കണ്ണൂരിൽ സിപിഎം – ബിജെപി സംഘർഷം തുടരുകയാണ്. നഗരത്തിൽ ഇന്നു പുലർച്ചെ അഞ്ചുവീടുകൾക്കു നേരെ ആക്രമണമുണ്ടായി. ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നു സിപിഎം പ്രവർത്തകരുടെയും രണ്ടു ബിജെപി പ്രവർത്തകരുടെയും വീടിനു നേരെയാണ് ആക്രമണം നടന്നത്. ബിജെപിയിൽ നിന്നു ഒരു കൂട്ടം പ്രവർത്തകർ സിപിഎമ്മിലെത്തിയ തളാപ്പ് അമ്പാടിമുക്കിൽ രണ്ടു സിപിഎം പ്രവർത്തകരുടെ വീടിനു കല്ലേറുണ്ടായി.

തിരുവോണദിവസമുണ്ടായ അക്രമണത്തിനുശേഷം സംസ്ഥാനത്ത് പലയിടങ്ങളിലും സിപിഎമ്മും ബിജെപിയുമായി സംഘർഷം തുടരുകയാണ്. സംഘർഷങ്ങളിൽ നിരവധി പ്രവർത്തകർക്കു വെട്ടേൽക്കുകയും കത്തിക്കുത്തേൽക്കുകയും ചെയ്തു. ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അഴീക്കോടു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനിടെയ്ക്കാണ് സംഘർഷം തുടരുന്നത്. സംഘർഷം പടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലേക്കു കൂടുതൽ സേനയെത്തി. നക്സൽ വിരുദ്ധ സേന, എംഎസ്പി, ദ്രുതകർമസേനയുടെ എന്നീ വിഭാഗങ്ങളാണ് എത്തിയത്. വളപട്ടണം, അമ്പാടിമുക്ക്, എആർ ക്യാംപ് എന്നിവിടങ്ങളിലായി സേന ക്യാംപ് ചെയ്യുന്നു. സംഘർഷം കൂടുതൽ വ്യാപിക്കുന്ന മേഖലകളിലേക്കു സേനയെ വിന്യസിക്കാനാണു തീരുമാനം.

 

© 2024 Live Kerala News. All Rights Reserved.