ഫോണ്‍ ചെയ്യുന്നതിനിടെ ഇടയ്ക്കിടെ കോള്‍ കട്ടാവുന്നുണ്ടോ?

ദില്ലി: സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഫോണ്‍ കട്ടായിപ്പോവുക എന്നത് ഏത് മൊബൈല്‍ ഫോണ്‍ ഉപയോക്താവും നേരിടുന്ന പ്രശ്‌നമാണ്. ഒരു സംഭാഷണം പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ പലതവണ വിളിയ്‌ക്കേണ്ടി വരും. അപ്പോള്‍ ലാഭം ആര്‍ക്കാണ്, നഷ്ടം ആര്‍ക്കാണ്?

എന്തായാലും ഈ രീതിയില്‍ കാര്യങ്ങള്‍ അധികം മുന്നോട്ട് പോകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘കോള്‍ ഡ്രോപ്പ്’ പ്രശ്‌നം പരിഹരിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ക്കാണ് ഒരുങ്ങുന്നത്. കോള്‍ ഡ്രോപ്പ് പ്രശ്‌നം പരിഹരിയ്ക്കാത്ത സേവന ദാതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. സേവനം മെച്ചപെടുത്തതിനായി കൂടുതല്‍ ടവറുകള്‍ സ്ഥാപിയ്ക്കാനുള്ള അനുമതിയും നല്‍കും.

കോള്‍ ഡ്രോപ്പ് എന്നത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമല്ലെന്ന് ചില കോണുകളില്‍ നിന്ന് ആരോപണം ഉയരുന്നുണ്ട്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ കൊള്ള ലാഭം കൊയ്യാന്‍ വേണ്ടി ചെയ്യുന്ന ഏര്‍പ്പാടാണിതെന്നാണ് ആരോപണം. എന്നാല്‍ ആവശ്യത്തിന് ടവറുകള്‍ ഇല്ലാത്തതാണ് പ്രശ്‌നമെന്ന് കമ്പനികള്‍ പറയുന്നു. സ്‌പെക്ട്രത്തിന്റെ പ്രശ്‌നവും അവര്‍ ഉന്നയിക്കുന്നുണ്ട്.

എന്തായാലും ഇനി അധിക നാള്‍ ഈ ‘കോള്‍ ഡ്രോപ്പ്’ പ്രശ്‌നം ഇങ്ങനെ ഉണ്ടാവില്ലെന്ന് പ്രതീക്ഷിയ്ക്കാം. നിലവിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കണം എന്നാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം.

© 2024 Live Kerala News. All Rights Reserved.