30 പ്യൂണ്‍ തസ്തികയ്ക്ക് 75,000 അപേക്ഷകര്‍; ആളുകൂടി പരീക്ഷയും റദ്ദാക്കി

റായ്പൂര്‍: ന്യൂജനറേഷന്‍ കാലത്തും സര്‍ക്കാര്‍ ജോലിയോടുള്ള ജനങ്ങളുടെ ആഭിമുഖ്യത്തിന് കുറവില്ല. ചത്തീസ്ഗഢില്‍ ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റസ്റ്റിക്‌സ് വിഭാഗത്തില്‍ ശിപായിയുടെ 30 തസ്തകയിലേക്ക് വന്നത് 75,000 അപേക്ഷകളാണ്. 70,000 അപേക്ഷകള്‍ ഓണ്‍ലൈനായും 5000 അപേക്ഷകള്‍ പോസ്റ്റലായും ലഭിച്ചു.

കോളജ് വിദ്യാഭ്യാസം പോലും യോഗ്യത വേണ്ടാത്ത തസ്തകയിലേക്ക് ബിരുദധാരികളും ബിരുദാന്തര ബിരുദക്കാരും എഞ്ചിനീയര്‍മാരും വരെ അപേക്ഷകരായി. അഞ്ചാം ക്ലാസ്സായിരുന്നു ഈ തസ്തികയ്ക്ക് യോഗ്യതയായി നിശ്ചയിച്ചിരുന്നത്.

ആഗസ്ത് 30ന് നടത്താനിരുന്ന പരീക്ഷ അപേക്ഷകരുടെ ബാഹുല്യം കാരണം റദ്ദാക്കി. ഇത്രയും പേരെ പ്രതീക്ഷിച്ചിരുന്നില്ല അധികാരികളും. അതിനാല്‍ തന്നെ തത്കാലം പരീക്ഷ റദ്ദാക്കി വിപുലമായ ക്രമീകരണങ്ങളോട് പിന്നീട് പരീക്ഷ നടത്തുമെന്ന് അറിയിച്ചിരിക്കുകാണ്.