ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രികള്‍ നിര്‍ണ്ണയിക്കാന്‍ മുന്‍ ബിജെപി എംപിയും

 

ന്യൂഡല്‍ഹി: ബിജെപിയുടെ മുന്‍ എംപിയും നടനുമായ നരേഷ് കനോദിയ ഇന്ത്യയുടെ ഓസ്‌കാര്‍ ജൂറി അംഗമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി തീരുമാനിക്കുന്ന ജൂറി കമ്മിറ്റിയില്‍ അംഗമാകാന്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്എഫ്‌ഐ) കനോദിയയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് ബിജെപി നേതാവിനെ ഇന്ത്യയുടെ ഓസ്‌കാര്‍ ചിത്രം നിര്‍ണയിക്കാനുള്ള ജൂറിയാക്കാന്‍ നീക്കം നടക്കുന്നത്. ജൂറിയാകാന്‍ തന്നെ ക്ഷണിച്ചത് ബിജെപി നേതാവായതിനാലോ പ്രധാനമന്ത്രി മോദിയോടുള്ള അടുപ്പം മൂലമോ അല്ലെന്നും തനിയ്ക്കതിനുള്ള യോഗ്യത ഉള്ളതിനാലാണെന്നും കനോദിയ പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം എഫ്എഫ്‌ഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആമിര്‍ ഖാനെയും ജബ്ബാര്‍ പട്ടേലിനെയും സമിതിയിലേക്ക് ക്ഷണിച്ചിട്ടുള്ളതായും എന്നാല്‍ അവരുടെ മറുപടി ലഭിച്ചിട്ടില്ലെന്നും എഫ്എഫ്‌ഐ ചെയര്‍മാന്‍ ജെ പി ചൗക്‌സി ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.

ഗുജറാത്തിലെ കര്‍ജന്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു കനോദിയ. 20022005 കാലത്തായിരുന്നു അദ്ദേഹം പാര്‍ലമെന്റ് അംഗമായിരുന്നത്. അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കനോദിയ ഗുജറാത്തില്‍ അറിയപ്പെടുന്ന നടനുമാണ്.

© 2024 Live Kerala News. All Rights Reserved.