പി സി ജോര്‍ജ്ജും കെ എം മാണിയും പങ്കെടുത്ത പരിപാടിയില്‍ കൈങ്കാളി

കോട്ടയം: തിടനാട് പഞ്ചായത്തില്‍ കുടുംബശ്രീ വാര്‍ഷികവും ജലനിധി ഉദ്ഘാടനവും നടന്ന വേദിയില്‍ പി.സി.ജോര്‍ജും മന്ത്രി കെ.എം.മാണിയുമായി വാഗ്വാദം. യോഗത്തില്‍ പ്രസംഗിച്ച ജോര്‍ജ്, റബര്‍ വിലയിടിവിന് കാരണം വേദിയിലിരിക്കുന്ന മന്ത്രി കെ.എം.മാണിയാണെന്ന മട്ടില്‍ പ്രസംഗിച്ചു. തൊട്ടുപിന്നാലെ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് സംഘാടകര്‍ പി.സി. ജോര്‍ജിന്റെ മൈക്ക് ഓഫ് ചെയ്തു. ഇതില്‍ പ്രകോപിതനായ ജോര്‍ജ് മൈക്ക് തല്ലിത്തകര്‍ത്തു.

വേദിയില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വേദിയില്‍ മന്ത്രി പി.ജെ. ജോസഫും ആന്റോ ആന്റണി എംപിയുമുണ്ടായിരുന്നു. ബഹളത്തിനു പിന്നാലെ മന്ത്രിമാര്‍ വേദി വിട്ടു. ജനപ്രതിനിധികളെ അധിക്ഷേപിച്ച് സംസാരിച്ചതിനാലാണ് താന്‍ ജോര്‍ജിന്റെ പ്രസംഗം തടസപ്പെടുത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പിന്നീട് വിശദീകരിച്ചു.

ഞാനും പി.ജെ. ജോസഫും ആന്റോ ആന്റണിയും ഒന്നിച്ചാണ് സ്റ്റേജിലേക്കെത്തിയത്. അധ്യക്ഷനായ എന്നെ പ്രസംഗിക്കാനായി ക്ഷണിച്ചപ്പോള്‍ നാടിന്റെ ആവശ്യങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചു. കൃഷിക്കാര്‍ക്ക് 40 രൂപയുണ്ടായിരുന്ന ഭൂനികുതി ഇപ്പോള്‍ 205 രൂപയായി ഉയര്‍ന്നിരിക്കുന്നു. ഇത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കൃഷിക്കാരെ രക്ഷിക്കണമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത് പറഞ്ഞപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രകോപിതനായതെന്താണെന്ന് അറിയില്ല.

പ്രസിഡന്റിന്റെ സഹോദരന്‍ തന്റെ കൈയില്‍ കയറി പിടിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയും ഇടയ്ക്കുകയറി തന്റെ കൈയില്‍ പിടിച്ചു വലിച്ചു. അപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് എന്റെ മൈക്ക് ഓഫ് ചെയ്തുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ വേദിയില്‍ വച്ച് ചിലര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ജോര്‍ജ് ആരോപിച്ചു.

എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നത്തെപ്പറ്റി പി.സി. ജോര്‍ജ് പറഞ്ഞപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും മാണിയെയും പി.ജെ. ജോസഫിനെയും നിര്‍മല ജിമ്മിയെയും അധിക്ഷേപിച്ചപ്പോഴാണ് ഇടപെട്ടതെന്നും തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ് പറഞ്ഞു. പ്രസംഗം അധിക്ഷേപത്തിലേക്കു പോയപ്പോള്‍ ഇതൊരു പൊതുച്ചടങ്ങാണെന്നും രാഷ്ട്രീയ വേദിയല്ലെന്നും ഓര്‍മിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. ദയവുചെയ്ത് ഇങ്ങനെയുള്ള പ്രസംഗം നിര്‍ത്തണമെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹം എന്നെ അടിക്കാനായി കൈയ്യോങ്ങി. എന്നാല്‍ താന്‍ ഒഴിഞ്ഞുമാറിയതിനാല്‍ ദേഹത്ത് കൊണ്ടില്ലെന്നും ജോസഫ് ജോര്‍ജ് പറഞ്ഞു.

 

© 2024 Live Kerala News. All Rights Reserved.