ഓണാഘോഷ ലഹരിയില്‍ വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ച സംഭവം: പോലിസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

തിരുവനന്തപുരം: ശ്രീകാര്യം സിഇടിയില്‍ (കോളജ് ഓഫ് എന്‍ജിനിയറിങ്) വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ച സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത
നരഹത്യയ്ക്ക് കേസെടുത്തു. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജുവടക്കം 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവസമയത്ത് ബൈജുവാണ് ജീപ്പോടിച്ചിരുന്നത്. തുറന്ന ജീപ്പ് നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇവരെല്ലാം ഒളിവിലാണെന്നാണു പൊലീസ് ഭാഷ്യം.

ഓണാഘോഷ ലഹരിയില്‍ പാഞ്ഞുവന്ന വിദ്യാര്‍ഥിസംഘത്തിന്റെ ജീപ്പിടിച്ചാണ് വിദ്യാര്‍ഥിനി മരിച്ചത്. തലയ്ക്കു സാരമായി പരുക്കേറ്റ ആറാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മലപ്പുറം സ്വദേശി തെസ്‌നി ബഷീറിനെ മൂന്നുതവണ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബുധനാഴ്ച വൈകിട്ടാണു കോളജിനു വീണ്ടും കടുത്ത ആഘാതമേല്‍പ്പിച്ച സംഭവം. സിഇടി മെ!ന്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കു വൈകിട്ട് ഓണാഘോഷത്തിനു വ്യവസ്ഥകളോടെ കോളജ് അധികൃതര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ‘ചെകുത്താന്‍’ എന്ന ലോറിയിലും ജീപ്പിലും നൂറോളം ബൈക്കുകളിലുമായി വിദ്യാര്‍ഥികളുടെ വന്‍സംഘം ഘോഷയാത്ര പോലെ കോളജിനകത്തേക്ക് ഇരമ്പിയെത്തുകയായിരുന്നു. ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വാഹനങ്ങള്‍ ഉള്ളില്‍ കയറുന്നതു തടഞ്ഞെങ്കിലും അദ്ദേഹത്തെ തള്ളിമാറ്റിയാണു വാഹനഘോഷയാത്ര അകത്തു പ്രവേശിച്ചത്. ക്യാംപസിലൂടെ നടന്നു പോകുകയായിരുന്ന തെസ്‌നിയെ ഇതിനിടെ ജീപ്പ് ഇടിച്ചിട്ടു. അകത്തേക്കു പോകേണ്ട വഴിയിലൂടെ ജീപ്പ് പുറത്തേക്ക് ഓടിച്ചിറക്കിയപ്പോഴായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെസ്‌നിയുടെ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. മൂന്നു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ രാത്രി 11.15 ഓടെ തെസ്‌നി മരണത്തിന് കീഴടങ്ങി.

© 2024 Live Kerala News. All Rights Reserved.