കൊളംബോ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്; ഹര്‍ഭജന്‍, വരുണ്‍ ആരോണ്‍ പുറത്ത്

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ വിജയം കയ്യെത്തും ദൂരത്ത് കൈവിട്ട ഇന്ത്യക്ക് ഈ ടെസ്റ്റിലെ ഫലം നിര്‍ണായകമാണ്.

ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്. പരിക്കേറ്റ് ശിഖര്‍ ധവാന് പകരം മുരളി വിജയ് ടീമിലെത്തിയപ്പോള്‍ ഹര്‍ഭജനും വരുണ്‍ ആരോണിനും പകരം സ്റ്റുവര്‍ട്ട് ബിന്നിയും ഉമേഷ് യാദവും അവസാന ഇലവനില്‍ ഇടംപിടിച്ചു.

കൊളംബോ പി സാറ ഓവല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇവിടെ നടന്ന 18 ടെസ്റ്റുകളില്‍ നാലെണ്ണം മാത്രമേ സമനിലയില്‍ കലാശിച്ചിട്ടുള്ളൂ. ഫലമുണ്ടായവയില്‍ ആറെണ്ണത്തില്‍ എതിരാളികള്‍ ജയിച്ചപ്പോള്‍ എട്ടെണ്ണത്തില്‍ ലങ്ക ജയം നുണഞ്ഞു.

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ സംഗക്കാരയുടെ വിടവാങ്ങല്‍ ടെസ്റ്റ് കൂടിയാണിത്. മത്സരത്തിന് മുമ്പ് സംഗയെ ബിസിസിഐ ആദരിച്ചു.