പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു… മൂന്നംഗ സമിതിയെ നിയോഗിച്ചു, മാനസിക പീഡനം ഏറ്റെന്ന് ഡയറക്ടർ …

ന്യൂഡൽഹി: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരായി വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്നതിനിടെ സാഹചര്യങ്ങൾപരിശോധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ മൂന്നഗം സമിതിയെ നിയോഗിച്ചു. ഇന്ത്യയിലെ രജിസ്ട്രാർ ഒഫ് ന്യൂസ് പേപ്പർ, എസ്.എം.ഖാൻ നേതൃത്വം നൽകുന്ന സമിതിയിൽ വാർത്താ വിനിമയ മന്ത്രാലയത്തിൽനിന്ന് രണ്ട് പ്രതിനിധികളുമുണ്ട്. സമിതി നാളെത്തന്നെ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച ശേഷം സാഹചര്യങ്ങൾ വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് നൽകും.

ഗജേന്ദ്ര ചൗഹാനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ബുധനാഴ്ച പുലർച്ചെ അഞ്ചു വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രശാന്ത് പത്രബേ നൽകിയ പരാതിയെ തുടർന്നായിരുന്നു ഇത്. തന്നെ വിദ്യാർത്ഥികൾ തടഞ്ഞു വച്ചു എന്ന് ചൂണ്ടിക്കാട്ടി പത്രബേ നൽകിയ പരാതിയെ തുടർന്ന് ബുധനാഴ്ച പുലർച്ചെയോടെ വിദ്യാർത്ഥികളെ പൊലീസ്  അറസ്റ്റു ചെയ്തത്. 15 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. പത്രബേയുടെ ജോലി തടസപ്പെടുത്തുക, വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങീ വകുപ്പുകളാണ് വിദ്യാർത്ഥികൾക്കു മേൽ ചുമത്തിയിരിക്കുന്നത്.

വിദ്യാർത്ഥികൾ തന്നെ തടഞ്ഞുവയ്ക്കുകയും ഒന്പത് മണിക്കൂറോളം മാനസികമായി പീഡിപ്പിക്കുകയും ചെയ്തായി പത്രബേ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. താൻ മനോനില തകരാറിലായ അവസ്ഥയിലാണെന്നും സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ രണ്ടു ദിവസമെങ്കിലും എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാർ ചോദ്യം ചെയ്യുന്ന രീതിയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. ഒരേ ചോദ്യം തന്നെ ഏഴു തവണയോളം ചോദിച്ചു. തന്നോട് അപമര്യാദയായി പെരുമാറുകയും അസഭ്യമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു.  തന്നോട് ഇത്രയും ക്രൂരത കാണിച്ചവരെ വിദ്യാർത്ഥികൾ എന്ന് എങ്ങനെയാണ് വിളിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

മൂന്ന് പെൺകുട്ടികളടക്കം  പതിനേഴ് വിദ്യാർത്ഥികളുടെ പേരുകൾ പത്രബേ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. പേരറിയാത്ത മറ്റ്  മുപ്പതോളം പേരെയും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

അറസ്റ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി
അതേസമയം, വിദ്യാർത്ഥികളെ അർദ്ധരാത്രി അറസ്റ്റു ചെയ്ത നടപടിയെ പരിഹസിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത് വന്നു. വിദ്യാർത്ഥികൾ ക്രിമിനലുകളല്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. നിശബ്ദത, സസ്പെൻഷൻ, അറസ്റ്റ് -ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നല്ല ദിനങ്ങൾ (അച്ചേ ദിൻ) എന്നും രാഹുൽ പറഞ്ഞു

Courtesy:Keralakoumudi.com

© 2024 Live Kerala News. All Rights Reserved.