ചരിത്രമെഴുതി അഥിതി;ഇംഗ്ലീഷ് ക്ലബിനായി ബൂട്ടുകെട്ടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരം

 

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബിനായി ബൂട്ടുകെട്ടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരമായി അഥിതി ചൗഹാന്‍. ഇംഗ്ലീഷ് ലീഗിലെ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന വെസ്റ്റ് ഹാം യുണൈറ്റ!ഡാണ് ഇന്ത്യന്‍ ദേശീയ വനിതാ ടീമിന്റെ ഗോള്‍ കീപ്പറായ അഥിതിയുമായി കരാര്‍ ഒപ്പിട്ടത്. ടീമിലെത്തിയ ശേഷമുള്ള ലീഗിലെ ആദ്യ മല്‍സരത്തില്‍ കവണ്‍ന്‍ട്രി സിറ്റിക്കെതിരെ ഞായറാഴ്ച അതിഥി കളത്തിലിറങ്ങി. മല്‍സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളിന് തോറ്റു.

നോര്‍വെയിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന പുരുഷ ടീം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് ശേഷം പ്രമുഖ വിദേശ ക്ലബുമായി കരാറിലെത്തുന്ന ഇന്ത്യന്‍ താരം കൂടിയാണ് അഥിതി. ഇന്ത്യയില്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി ദേശീയ ലീഗില്ലാത്താതിനാല്‍ പ്രമുഖരായ താരങ്ങളിലേറെയും മാലിദ്വീപ് ക്ലബുകള്‍ക്കായാണ് കളിക്കുന്നത്.

ടീമിനായി കളത്തിലിറങ്ങിയെങ്കിലും തന്റെ പ്രകടനത്തില്‍ സംതൃപ്തിയില്ലെന്ന് അഥിതി പറഞ്ഞു. കുറച്ചു കൂടി നന്നായി കളിക്കാമായിരുന്നു. വെസ്റ്റ് ഹാം യുണൈറ്റ!ഡ് പുരുഷ ടീമിന്റെ കളി ഞാന്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്. അതേ ജേഴ്‌സിയണിഞ്ഞ് കളിക്കാന്‍ സാധിച്ചത് സ്വപ്നതുല്യമായിട്ടാണ് തനിക്ക് തോന്നിയതെന്നും അഥിതി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.