ബാങ്കോക്കില്‍ ഹിന്ദുക്ഷേത്രത്തിനടുത്ത് ബോംബ് സ്‌ഫോടനം, 15പേര്‍ കൊല്ലപ്പെട്ടു

 

ബാങ്കോക്: തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഹിന്ദുക്ഷേത്രത്തിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 15പേര്‍ കൊല്ലപ്പെട്ടു. 80ലേറെപ്പേര്‍ക്ക് പരിക്കേറ്റു. അതേസമയം മൂന്നു വിദേശികളടക്കം 27പേര്‍ മരിച്ചതായാണ് ‘ദ നാഷന്‍ ടെലിവിഷന്‍’ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മധ്യ ചിദ്‌ലോം ജില്ലയിലെ തിരക്കേറിയ വാണിജ്യനഗരത്തിലെ ഇരാവാന്‍ ഹിന്ദുക്ഷേത്രത്തിനടുത്ത് വൈകീട്ട് ഏഴുമണിയോടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ശക്തിയില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി.

റോ!ഡരികിലെ ക്ഷേത്രത്തിനടുത്തായി നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കാണ് പൊട്ടിത്തെറിച്ചത്. ക്ഷേത്രത്തിലെത്തിയ വിശ്വാസികളും സഞ്ചാരികളുമാണ് അപകടത്തില്‍പ്പെട്ടത്. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനസ്ഥലത്തുനിന്ന് പൊട്ടാതെകിടന്ന മറ്റൊരു ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി.

തലസ്ഥാനനഗരത്തില്‍ ഏറ്റവും തിരക്കുള്ള സ്ഥലത്താണ് ഇരാവാന്‍ ക്ഷേത്രം. തൊട്ടടുത്തായി ഷോപ്പിങ് മാളും വാണിജ്യസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. നിരവധി വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. മധ്യബാങ്കോക്കിലെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണിത്. ദിവസവും ആയിരക്കണക്കിന് ബുദ്ധസന്ന്യാസിമാര്‍ ഇരാവാന്‍ ബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുണ്ട്.

ടൂറിസം വ്യവസായം തകര്‍ക്കാന്‍ വിനോദസഞ്ചാരികളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് തായ്‌ലന്‍ഡ് പ്രതിരോധമന്ത്രി ആരോപിച്ചു. ടി.എന്‍.ടി. ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പ്രതിരോധമന്ത്രി പ്രവിത് വൊങ്‌സുവൊങ് പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി പ്രധാനമന്ത്രി പ്രയുത് ചാന്‍ഉച പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.