തായ്‌വാൻ ഭൂചലനം: ദേശീയ ഉദ്യാനത്തിലേക്ക് ബസില്‍ പോയ 50 പേരെ കാണാനില്ല

ഒന്‍പതുപേര്‍ മരിച്ച തയ്‌വാന്‍ ഭൂചലനത്തില്‍ ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരണം. തരോകോ ദേശീയ ഉദ്യാനത്തിലേക്ക് ബസില്‍ പോയിരുന്ന 50 ജീവനക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നിരവധി കെട്ടിടങ്ങളാണ് ഭൂചലനത്തിൽ നിലംപൊത്തിയത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു. 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനം തയ്‌വാനെ പിടിച്ചുലച്ചു. റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആകെ 9 പേർ മരണപ്പെട്ടു.

പതിറ്റാണ്ടുകൾക്ക് ശേഷം ദ്വീപിനെ കുലുക്കിയ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഭൂചലനങ്ങൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകളുടെ ജംഗ്‌ഷനു സമീപം സ്ഥിതി ചെയ്യുന്നതിനാൽ പതിവായി ഭൂകമ്പങ്ങൾ ഉണ്ടാകുന്ന ദ്വീപിൻ്റെ കർശനമായ കെട്ടിട നിയന്ത്രണങ്ങളും ദുരന്ത ബോധവൽക്കരണവും ഒരു വലിയ വിപത്ത് ഒഴിവാക്കി. ദ്വീപിൻ്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തം 1999 സെപ്തംബറിൽ ആയിരുന്നു. അന്ന് 7.6 തീവ്രത രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 25 വർഷങ്ങൾക്ക് മുൻപുണ്ടായ ഭൂചലനത്തിൽ 2,400 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.