ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറലിന് ഹാജരാകാമെന്ന് സുപ്രീം കോടതി

 

ന്യൂഡല്‍ഹി: മദ്യ നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ബാര്‍ ഉടമകളും തമ്മിലുള്ള കേസില്‍ അറ്റോര്‍ണി ജനറലിന് ഹാജരാകാമെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന് എതിരായ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാണിച്ച് ടി എന്‍ പ്രതാപന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി കോടതി തള്ളി.

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് മദ്യനിരോധനം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ ബാര്‍ ഉടമകള്‍ക്കായി ഹാജരാകുന്നത്. കേസില്‍ ഹാജരാകുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി എന്‍ പ്രതാപന്‍ ഹര്‍ജി നല്‍കിയിരുന്നത്.

അഭിഭാഷകന്‍ ഹാജരാകുന്നതിന് നിയമ തടസ്സമൊന്നുമില്ലെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. അതേസമയം കേസില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തിട്ടില്ല.

© 2024 Live Kerala News. All Rights Reserved.