കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ‘തൊഴിലിനുള്ള അവകാശം’ എന്ന വാഗ്ദാനം ഉള്‍പ്പെടുത്തും

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളില്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആദ്യമായി ‘തൊഴിലിനുള്ള അവകാശം’ എന്ന വാഗ്ദാനം ഉള്‍പ്പെടുത്തുമെന്നാണ് വിവരം. മാത്രമല്ല പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ എന്നതും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നു.

യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതായിരിക്കും കോണ്‍ഗ്രസ് പ്രകടനപത്രിക എന്നും രാജ്യത്ത് ആദ്യമായാണ് തൊഴിലിനുള്ള അവകാശം എന്ന വാഗ്ദാനവുമായി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ ജോലി നല്‍കുന്നതില്‍ സുതാര്യത ഉറപ്പാക്കും, ചോദ്യപേപ്പര്‍ ചോര്‍ച്ച തടയും, ജാതി സെന്‍സസ്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സാമ്പത്തിക പിന്തുണ എന്നിങ്ങനെയാണ് പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങളെന്നാണ് വിവരം.

മധ്യപ്രദേശിലെ ബഡനവാറില്‍ വച്ച് നടക്കുന്ന റാലിയില്‍ തൊഴിലിനുള്ള അവകാശമെന്ന പ്രകടന പത്രിക വാഗ്ദാനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് വാഗ്ദാനങ്ങളെന്തെല്ലാം എന്ന കാര്യത്തില്‍ തീരുമാനമാകും എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

© 2024 Live Kerala News. All Rights Reserved.